ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രിയും

- Advertisement -

അനിൽ കുംബ്ലെ പടിയിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ മുൻ ഓൾറൗണ്ടർ രവി ശാസ്ത്രിയും. പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി അടുത്ത മാസം ഒന്പതിലേക്ക് ബിസിസിഐ നീട്ടിയതിന്റെ അടിസ്ഥാനത്തിൽ, ശാസ്ത്രിയും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ശാസ്ത്രി കൂടെ രംഗത്തേക്ക് വരുന്നതോടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ എണ്ണം ആറാകും. മുൻ ഇന്ത്യൻ താരംവിരേന്ദർ സേവാഗ്, മുൻ ഇന്ത്യൻ ബൗളർ ദൊഡ്ഡ ഗണേഷ്, അഫ്ഗാനിസ്ഥാൻ കോച്ചും മുൻ ഇന്ത്യൻ എ ടീം കോച്ചുമായിരുന്ന ലാൽചന്ദ് രജ്പുത്, മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി, ഇംഗ്ലണ്ടുകാരനായ റിച്ചാർഡ് പിബസ് എന്നിവരാണ് നേരത്തെ അപേക്ഷ സമർപ്പിച്ചവർ.

കുംബ്ലെ പരിശീലകൻ ആവുന്നതിനു മുൻപ് ഇന്ത്യൻ ടീമിന്റെ താത്കാലിക പരിശീലകനായി സേവനമനുഷ്ഠിച്ച ശാസ്ത്രിക്ക് കീഴിൽ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ തവണ കുംബ്ലെയുടെ കൂടെ ശാസ്ത്രിയും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു എങ്കിലും സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശക സമിതി ശാസ്ത്രിയുടെ അപേക്ഷ തള്ളി കുംബ്ലെയെ പരിശീലകനായി നിയമിക്കുകയായിരുന്നു.

കഴിഞ്ഞ തവണ തന്നെ തഴഞ്ഞതിന് കാരണം ഗാംഗുലി ആണെന്ന് തുറന്നടിച്ച ശാസ്ത്രി ഗാംഗുലിയുമായി ഉരസിയിരുന്നത് ശാസ്ത്രിക്ക് വിനയാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിസിസിഐയിലെ ഒരു വിഭാഗം ശാസ്ത്രിക്ക് പിന്തുണയുമായി ഉണ്ട് എന്നാണ് വിലയിരുത്തുന്നത്, കൂടാതെ ക്യാപ്റ്റൻ കോലിയുമായുള്ള ശാസ്ത്രിയുടെ മികച്ച ബന്ധവും ശാസ്ത്രിക്ക് നേട്ടമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement