ലീഡിലേക്ക് ഇന്ത്യ

- Advertisement -

283 റണ്‍സിനു ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 271/6 എന്ന നിലയിലാണ്. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‍ലി ചേതേശ്വര്‍ പുജാര പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ക്ക് ലഭിച്ച മികച്ച തുടക്കം ഉയര്‍ന്ന സ്കോറിലേക്കുയര്‍ത്താനാകാതെ പോയതാണ് ഇന്ത്യന്‍ ബാറ്റിംഗിനു വിനയായത്. മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടോടു കൂടി രവിചന്ദ്രന്‍ അശ്വിന്‍ (57*) രവീന്ദ്ര ജഡേജ (31*) എന്നിവരാണ് ക്രീസില്‍.

268/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു രണ്ടാം ദിനം 15 റണ്‍സ് കൂടി മാത്രമേ ചേര്‍ക്കാനായുള്ളു. രണ്ടാം ദിനം സ്കോറിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇംഗ്ലണ്ടിനു ആദില്‍ റഷീദിനെ(4) നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണ്‍ 9 പന്തില്‍ നേടിയ 13 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം ദിവസത്തെ പ്രധാന ബാറ്റിംഗ് സംഭാവന. ഒരു റണ്‍സെടുത്ത ഗാരത് ബാറ്റിയെ പുറത്താക്കി മുഹമ്മദ് ഷാമി രണ്ടാം ദിവസത്തെ തന്റെ രണ്ടാം വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ഉമേഷ് യാദവ് ജയന്ത് യാദവ് രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. രവിചന്ദ്രന്‍ അശ്വിനാണ് ശേഷിച്ച വിക്കറ്റ് ലഭിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോര്‍ 39 എത്തിയപ്പോള്‍ മുരളി വിജയിനെ(12) നഷ്ടമായി. പാര്‍ഥിവ് പട്ടേലും(42) ചേതേശ്വര്‍ പുജാരയും(51) മത്സരം ഇന്ത്യയ്ക്കനുകൂലമാക്കുന്ന വിധത്തില്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. എന്നാല്‍ ആദില്‍ റഷീദ് ഇരുവരെയും പുറത്താക്കി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. ചേതേശ്വര്‍ പുജാരയോടൊപ്പം മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയ ഇന്ത്യന്‍ നായകന് മികച്ച പിന്തുണ നല്‍കാന്‍ അജിങ്ക്യ രഹാനെയ്ക്കോ(0) കരുണ്‍ നായര്‍ക്കോ(4) ആയില്ല. രഹാനെയെ റഷീദ് പുറത്താക്കിയപ്പോള്‍ ജോസ് ബട്‍ലറുടെ മികച്ചൊരു ത്രോയില്‍ റണ്‍ഔട്ടാകാനായിരുന്നു അരങ്ങേറ്റക്കാരന്‍ കരുണ്‍ നായരുടെ വിധി. ആറാം വിക്കറ്റില്‍ ക്യാപ്റ്റനോടൊപ്പം ചേര്‍ന്ന അശ്വിനായിരുന്നു ഇന്നിംഗ്സ് നേര്‍വഴിക്ക് നടത്തുവാനുള്ള ചുമതല. ഇരുവരുടെയും കൂട്ടുകെട്ട് 50 റണ്‍സ് അടുക്കാറായപ്പോളാണ് വിരാട് കോഹ്‍ലിയെ പുറത്താക്കി ബെന്‍ സ്റ്റോക്സ് തന്റെ രണ്ടാം വിക്കറ്റ് നേടിയത്. നേരത്തെ മുരളി വിജയിനെയും സ്റ്റോക്സ് ആണ് പുറത്താക്കിയത്. ഏഴാം വിക്കറ്റില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് നേടിയ 67 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ 12 റണ്‍സ് അകലെ എത്തിച്ചത്.

ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് നേടി. ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യയുടെ ഒരു വിക്കറ്റ് റണ്‍ഔട്ട് രൂപത്തിലാണ് നഷ്ടമായത്.

Advertisement