അഫ്ഗാനിസ്ഥാനു രണ്ടാം ജയം, റഷീദ് ഖാന്‍ കളിയിലെ താരം

- Advertisement -

സിംബാബ്‍വയെ 54 റണ്‍സിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 42.1 ഓവറില്‍ 184നു ഓള്‍ഔട്ട് ആവുകയായിരുന്നു. 7.1 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്. 5 ഏകദിനങ്ങളുടെ പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ 2-0 നു മുന്നിലാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനു പതിവു തുടക്കം ലഭിച്ചില്ല. 10 ഓവറില്‍ 34 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. മുഹമ്മദ് ഷെഹ്സാദ് പതിവു രീതി വെടിഞ്ഞ പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് വീശിയത്. 14 റണ്‍സ് നേടിയ നൂര്‍ അലി സര്‍ദാനെ നഷ്ടമായ ശേഷം റഹ്മത് ഷായും ഷെഹ്സാദും ചേര്‍ന്ന് 84 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഷെഹ്സാദിനെ(64) ക്രെമര്‍ പുറത്താക്കിയെങ്കിലും റഹ്മത് ഷാ(53) തന്റെ അര്‍ദ്ധ ശതകം തികച്ചു. മുഹമ്മദ് നബി(33), നജീബുള്ള സദ്രാന്‍(45) എന്നിവരുടെ സംഭാവനകള്‍ അഫ്ഗാന്‍ ടോട്ടല്‍ 200 കടത്താന്‍ സഹായിച്ചു. അവസാന ഓവറുകളില്‍ നിരന്തരം വിക്കറ്റുകള്‍ വീണത് അഫ്ഗാന്‍ റണ്‍ ഗതിയെ കാര്യമായിതന്നെ ബാധിച്ചു.

സിംബാബ്‍വേയ്ക്ക് വേണ്ടി ചതാര മൂന്ന് വിക്കറ്റും, ഗാരവ, ക്രെമര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്രിസ് പോഫു ആണ് മറ്റു വിക്കറ്റ് നേട്ടക്കാരന്‍.

69/0 എന്ന നിലയില്‍ നിന്ന് 84/3 എന്ന നിലയിലേക്ക് പതിച്ച സിംബാബ്വേയ്ക്ക് വേണ്ടി സോളമണ്‍ മിര്‍ നേടിയ അര്‍ദ്ധ ശതകമവും ക്രെയിഗ് ഇര്‍വിന്‍ നേടിയ 34 റണ്‍സും മാത്രമാണ് ശ്രദ്ധേയമായ പ്രകടനം. റയാന്‍ ബുരി 27 റണ്‍സ് നേടിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അഫ്ഗാന്‍ ബൗളര്‍മാരെ നേരിടുവാന്‍ സാധിച്ചില്ല. റഷീദ് ഖാനും മുഹമ്മദ് നബിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അമീര്‍ ഹംസ, ഗുല്‍ബാദിന്‍ നൈബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

Advertisement