റഷീദ് ഖാന്‍ വിജയ ശില്പി, പരമ്പര അഫ്ഗാനിസ്ഥാനു

- Advertisement -

തന്റെ രണ്ടോവറില്‍ 5 വിക്കറ്റ് വീഴ്ത്തി റഷീദ് ഖാന്‍ തിളങ്ങിയപ്പോള്‍ മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ അഫ്ഗാനിസ്ഥാനു 17 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടുകയായിരുന്നു. 57 പന്തില്‍ 90 റണ്‍സ്(7 ബൗണ്ടറി 5 സിക്സ്) നേടിയ നജീബ് താരാകായി മുഹമ്മദ് നബി(34), കരിം ജനത്(20) എന്നിവരുടെ ബാറ്റിംഗ് മികവാണ് കൂറ്റന്‍ സ്കോറിലേക്ക് അഫ്ഗാനിസ്ഥാനെ എത്തിച്ചത്. അയര്‍ലണ്ടിനു വേണ്ടി ബാരി മക്കാര്‍ത്തി 4 വിക്കറ്റ് നേടി.

മികച്ച തുടക്കം നല്‍കിയ സ്റ്റിര്‍ലിംഗ്-പോര്‍ട്ടര്‍ ഫീല്‍ഡ് കൂട്ടുകെട്ട് അയര്‍ലണ്ടിനെ നയിക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. കളി പുനരാരംഭിച്ചപ്പോള്‍ 8 വിക്കറ്റ് കൈവശം ഉള്ള അയര്‍ലണ്ടിനു 29 പന്തില്‍ 46 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്യത്തിനു 17 റണ്‍സ് അകലെ അവരുടെ ചേസിംഗ് അവസാനിക്കുകയായിരുന്നു. തന്റെ 2 ഓവറില്‍ 3 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റഷീദ് ഖാന്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയത്. 11 ഓവര്‍ പിന്നിടുമ്പോള്‍ അയര്‍ലണ്ട് ഇന്നിംഗ്സ് 93/9 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. പോള്‍ സ്റ്റിര്‍ലിംഗ് 34 ആണ് ടോപ് സ്കോറര്‍. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 22 റണ്‍സ് നേടി. ഇരുവരുടെയും വിക്കറ്റുകള്‍ നേടിയ കരിം ജനത് ആണ് മത്സരത്തിലേക്ക് അഫ്ഗാനിസ്ഥാനെ തിരികെ കൊണ്ടുവന്നത്. മധ്യനിരയും വാലറ്റവും റഷീദ് ഖാനു മുന്നില്‍ വട്ടംകറങ്ങി.

റഷീദ് ഖാനും നജീത് താരാകായിയും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം പങ്കുവെച്ചു. മത്സരത്തിലെ വിജയത്തോടു കൂടി പരമ്പര അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി

Advertisement