ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ റഷീദ് ഖാന്‍ ഫോമിലേക്ക് മടങ്ങിയെത്തി, അഫ്ഗാനിസ്ഥാനു തകര്‍പ്പന്‍ ജയം

- Advertisement -

ലോകകപ്പ് യോഗ്യത റൗണ്ടില്‍ മികച്ച ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. സൂപ്പര്‍ സിക്സ് മത്സരത്തില്‍ യുഎഇയെയാണ് റഷീദ് ഖാന്റെ ബൗളിംഗ് മികവില്‍ അഫ്ഗാനിസ്ഥാന്‍ ചുരുട്ടിക്കെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 43 ഓവറില്‍ 177 റണ്‍സിനു അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആക്കി. ക്യാപ്റ്റന്‍സി അസ്ഗര്‍ സ്റ്റാനിക്സായിക്ക് നല്‍കിയ ശേഷം വിക്കറ്റുകളുമായി റഷീദ് ഖാന്‍ തന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. 5 വിക്കറ്റുകളാണ് റഷീദ് ഖാന്‍ നേടിയത്. 64 റണ്‍സ് നേടിയ ഷൈമാന്‍ അന്‍വര്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. മുഹമ്മദ് നവീദ് 20 പന്തില്‍ 45 റണ്‍സ് നേടി. ദവലത് സദ്രാന്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 34.3 ഓവറില്‍ വിജയം നേടി. പുറത്താകാതെ 74 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നൈബും 63 റണ്‍സ് നേടിയ നജീബുള്ള സദ്രാനുമാണ് ടീമിനെ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിജയത്തിലേക്ക് നയിച്ചത്. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 122 റണ്‍സാണ് അഫ്ഗാന്‍ വിജയം ഉറപ്പാക്കിയത്. 54/5 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍.

യുഎഇയ്ക്ക് വേണ്ടി മുഹമ്മദ് നവീദ്, ഖാദീര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അഹമ്മദ് റാസ ഒരു വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement