തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നബിയ്ക്ക് സമര്‍പ്പിച്ച് റഷീദ് ഖാന്‍

അഫ്ഗാനിസ്ഥാന് വേണ്ടി തന്റെ അവസാന ടെസ്റ്റ് കളിച്ച മുഹമ്മദ് നബി ഇന്ന് വിജയത്തോടെയാണ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച് മടങ്ങുന്നത്. ടെസ്റ്റില്‍ കാര്യമായ പ്രകടനം ഒന്നും താരത്തിന് പുറത്തെടുക്കാനായില്ലെങ്കിലും ടി20യിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി താന്‍ ഈ ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് നബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നബിയ്ക്ക് രണ്ടിന്നിംഗ്സിലായി 0, 8 എന്നീ സ്കോറുകള്‍ മാത്രമേ ബാറ്റിംഗില്‍ നേടുവാനായുള്ളു. ബൗളിംഗില്‍ ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റുമാണ് താരം നേടിയത്.

അതേ സമയം മത്സരത്തില്‍ നിന്ന് 11 വിക്കറ്റും ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും നേടിയ റഷീദ് ഖാന്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം മുഹമ്മദ് നബിയ്ക്ക സമര്‍പ്പിക്കുകയായിരുന്നു. 51, 24 എന്നിങ്ങനെ ഇരു ഇന്നിംഗ്സുകളിലായി ബാറ്റിംഗ് പ്രകടനം നടത്തിയ താരം ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റും നേടി.

Exit mobile version