
ടി20 പരമ്പര തൂത്തുവാരിയ ശേഷം ഏകദിനത്തിലും അത് ആവര്‍ത്തിക്കുവാനുള്ള വെസ്റ്റ് ഇന്‍ഡീസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി. അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ 63 റണ്‍സ് തോല്‍വിയാണ് ആതിഥേയര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. 212 റണ്‍സിനു അഫ്ഗാനിസ്ഥാനെ വരിഞ്ഞുകെട്ടാന്‍ കരീബിയന്‍ ബൗളര്‍മാര്‍ക്കായെങ്കിലും അത് നേടിയെടുക്കുന്നതില്‍ ബാറ്റ്സ്മാന്മാര് പരാജയപ്പെടുകയായിരുന്നു. റഷീദ് ഖാന്റെ 7 വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസ് ടീമിന്റെ നടു ഒടിച്ചത്. തന്റെ ബൗളിംഗ് പ്രകടനത്തിനു റഷീദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയത്.
ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ചൊരു ബാറ്റിംഗ് പ്രകടനം നടത്തുവാന്‍ ടീമിനായില്ല. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് മാത്രമേ സന്ദര്‍ശകര്‍ക്ക് നേടാനായുള്ളു. ജാവേദ് അഹമ്മദി(81)യ്ക്ക് കൂട്ടായി ഗുല്‍ബാദിന്‍ നൈബ് പുറത്താകാതെ 28 പന്തില്‍ നിന്ന് നേടിയ 41 റണ്‍സാണ് ടീമിനെ 200 കടക്കാന്‍ സഹായിച്ചത്. മുഹമ്മദ് നബി 27 റണ്‍സുമായി പുറത്താകാതെ നിന്നു. ആഷ്ലി നഴ്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍, മിഗ്വല്‍ കമ്മിന്‍സ്, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അനായാസ വിജയം നേടിയെടുക്കുവാനുള്ള വിശ്വാസത്തോടെ ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് പ്രതീക്ഷകള്‍ തകര്‍ന്നത് റഷീദ് ഖാന്റെ ബൗളിംഗ് സ്പെല്ലിന്റെ ആരംഭത്തിലാണ്. നാല് കരീബിയന്‍ താരങ്ങളെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ റഷീദ് തന്റെ 8.4 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 7 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 35 റണ്‍സ് നേടിയ ഷായി ഹോപ് ആണ് ആതിഥേയരുടെ ടോപ് സ്കോറര്‍. 27 റണ്‍സുമായി അല്‍സാരി ജോസഫ് വാലറ്റത്തില്‍ ചെറുത്ത് നില്പ് പ്രകടിപ്പിച്ചുവെങ്കിലും റഷീദ് ഖാന് അന്തകനാകുകയായിരുന്നു. 44.4 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്ന വെസ്റ്റിന്‍ഡീസിനെതിരെ 63 റണ്‍സിന്റെ ആധികാരിക ജയമാണ് അഫ്ഗാനിസ്ഥാന് സ്വന്തമാക്കിയത്. ദവലത് സദ്രാന്(2), ഗുല്‍ബാദിന്‍ നൈബ് എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial