കര്‍ണ്ണാടകയ്ക്കെതിരെ മുംബൈ ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തി, താരത്തിന്റെ ലഭ്യത ഉറപ്പില്ല

- Advertisement -

കര്‍ണ്ണാടകയ്ക്കെതിരെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന മുംബൈ തങ്ങളുടെ സ്ക്വാഡില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തി. ഡിസംബര്‍ 7നു ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ എന്നാല്‍ പൃഥ്വിയ്ക്ക് കളിക്കാനാകുമോയെന്ന് തീര്‍ച്ചയില്ല. അടുത്ത മാസം നടക്കുന്ന U-19 യൂത്ത് ലോകകപ്പില്‍ പൃഥ്വി ഷാ ആയിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് മുംബൈ തങ്ങളുടെ സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയത്. നാളെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. ഡിസംബര്‍ 7നു തന്നെയാണ് ഇന്ത്യന്‍ ജൂനിയര്‍ ക്യാംപ് ആരംഭിക്കുന്നതും. ബിസിസിഐ താരത്തിനു രഞ്ജി മത്സരം കളിക്കുവാനുള്ള അവസരം നല്‍കുകയാണെങ്കില്‍ മാത്രമേ പൃഥ്വി ഷാ കര്‍ണ്ണാടകയ്ക്കെതിരെ മുംബൈയ്ക്കായി കളത്തിലിറങ്ങുകയുള്ളു.

നായകനായല്ലെങ്കിലും U-19 ടീമിലേക്ക് ഷാ തിരഞ്ഞെടുക്കപ്പെടുവാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ U-19 കോച്ച് രാഹുല്‍ ദ്രാവിഡ് താരത്തിനെ ഏഷ്യ കപ്പില്‍ നിന്ന് ഒഴിവായി രഞ്ജി കളിക്കുവാനുള്ള അവസരം നല്‍കിയിരുന്നു. മുംബൈ സാധ്യതകളെ ശര്‍ദ്ധുല്‍ താക്കൂറിന്റെ പരിക്ക് നിലവില്‍ തന്നെ അലട്ടുമ്പോള്‍ ഈ സീസണില്‍ അവരുടെ പ്രധാന റണ്‍ സ്കോറര്‍ ആയ പൃഥ്വിയുടെ അഭാവം ടീമിനെ ഏറെ പ്രതിസന്ധിയിലാക്കിയേക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement