ആവേശകരമായ സെമി പോരാട്ടം, 5 റണ്‍സ് വിജയം സ്വന്തമാക്കി വിദര്‍ഭ രഞ്ജി ഫൈനലിലേക്ക്

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. അഞ്ചാം ദിവസം നേടേണ്ടത് 87 റണ്‍സ് കൈയ്യിലുള്ളത് 3 വിക്കറ്റ്. രഞ്ജിയിലെ ശക്തരായ ടീമാണ് തങ്ങളെങ്കിലും കര്‍ണ്ണാടകയ്ക്ക് കാര്യങ്ങളത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ വാലറ്റത്തിന്റെ പ്രകടനം ടീമിനെ  വിജയത്തിലേക്കും രഞ്ജി ട്രോഫി ഫൈനലിലേക്കും നയിക്കുമെന്ന് കര്‍ണ്ണാടക ക്യാമ്പില്‍ പ്രതീക്ഷ പരത്തിയെങ്കിലും അഞ്ച് റണ്‍സിന്റെ വിജയം വിദര്‍ഭ പിടിച്ചെടുക്കുകയായിരുന്നു. വിനയ് കുമാര്‍(36), ശ്രേയസ്സ് ഗോപാല്‍(24*), അഭിമന്യു മിഥുന്‍(33) എന്നിവരുടെ പ്രകടനമാണ് കര്‍ണ്ണാടകയ്ക്ക് പ്രതീക്ഷകള്‍ നല്‍കിയത്. രജനീഷ് ഗുര്‍ബാനി തന്റെ 7 വിക്കറ്റ് നേട്ടവുമായി വിദര്‍ഭയ്ക്കായി തിളങ്ങി. ഡല്‍ഹിയുമായി തങ്ങളുടെ കന്നി രഞ്ജി ട്രോഫി ഫൈനലിനാണ് വിദര്‍ഭ ഇന്നത്തെ വിജയത്തോടെ കളമൊരുക്കിയിരിക്കുന്നത്. രണ്ടിന്നിംഗ്സുകളിലുമായി 12 വിക്കറ്റുകള്‍ നേടിയ ഗുര്‍ബാനിയാണ് കളിയിലെ താരം.

36 റണ്‍സ് നേടിയ വിനയ് കുമാറിനെ പുറത്താക്കി ഗുര്‍ബാനി തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ കര്‍ണ്ണാടക 141/8 എന്ന നിലയിലായിരുന്നു. വിജയത്തിലേക്ക് ഇനിയും 47 റണ്‍സ് കൈയ്യിലുള്ളത് 2 വിക്കറ്റ് മാത്രം. എന്നാല്‍ നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് അഭിമന്യു മിഥുന്‍ ശ്രേയസ്സ് ഗോപാലിനൊപ്പം നേടിയത്. ലക്ഷ്യത്തിനു 10 റണ്‍സ് അകലെ വരെ എത്തിക്കുവാന്‍ സഖ്യത്തിനായെങ്കിലും അവിടെ നിന്ന് വിദര്‍ഭ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു . 48 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിച്ച് മിഥുനെ(33) പുറത്താക്കി ഗുര്‍ബാനി വീണ്ടും വിദര്‍ഭയ്ക്ക് പ്രതീക്ഷ നല്‍കി. ശ്രീനാഥ് അരവിന്ദുമായി ചേര്‍ന്ന് മെല്ലെ ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു ശ്രേയസ് ഗോപാല്‍ ചെയ്തത്. എന്നാല്‍ അവസാന വിക്കറ്റും വീഴ്ത്തി ഗുര്‍ബാനി ടീമിന്റെ വിജയ ശില്പിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial