അറിയപ്പെടാത്ത ഫാബ് ഫോർ

ഫാബ് -4 എന്നു കേൾക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ഓർമ്മ വരുക, ഒരു കാലത്തു ഇന്ത്യൻ ക്രിക്കറ്റിനെ താങ്ങി നിർത്തിയ 4 പേരുകളാണ്. സച്ചിൻ ടെണ്ടുൽക്കർ,  രാഹുൽ ദ്രാവിഡ്,  VVS ലക്ഷ്മൺ,  സൗരവ് ഗാംഗുലി.  ഇതിൽ അനിൽ കുംബ്ലെയെയും ചേർത്ത് നമുക്ക് ഫാബ് -5 എന്ന് വിളിക്കാം, ഫാബുലസ്-5.

ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഇവർ നൽകിയ സംഭാവന വളരെ വലുതാണ്.  ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുന്നതിലും ക്രിക്കറ്റിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിലും ഇവർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിനെ FAB-5ന്  മുൻപും ശേഷവും എന്ന് വിശേഷിപ്പിക്കത്തക്ക വിധം പ്രശസ്തി നേടിയവരാണീ താരങ്ങൾ. “ക്രിക്കറ്റൊക്കെ പണ്ട് സച്ചിനും ദ്രാവിഡമുള്ളപ്പോൾ” എന്ന് പറയുന്ന ആളുകൾ ഏതു നാട്ടിലുമുണ്ട്. ഫാബ് -4  കളി അവസാനിപ്പിക്കുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരുടെ കൂടെയാണ് ഇവരുടെ സ്ഥാനം.

ഈ പറഞ്ഞ താരങ്ങളുടെ അതെ കാലഘട്ടത്തിൽ ജനിച്ച്, ഏകദേശം അതെ സമയത്ത് തന്നെ  ക്രിക്കറ്റിൽ പിച്ചവെച്ചു തുടങ്ങിയ കുറെ താരങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധികരിക്കാനുള്ള കഴിവുണ്ടായിരുന്നവർ, മേൽ പറഞ്ഞ ഫാബ്-5 ന്റെ കാലഘട്ടത്തിൽ ജനിച്ചു എന്ന കാരണത്താൽ ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ പോയവർ. അതിൽ പ്രധാനപ്പെട്ട 4 പേരുകളാണ്- അമോൽ മുസിംദാർ, യെറെ ഗൗഡ്, അമർജിത് കയ്പീ, കെ.എൻ . അനന്തപത്മനാഭൻ.  ഇവരെ നമുക്ക് “അറിയപ്പെടാത്ത ഫാബ് -4” എന്ന് വിളിക്കാം.

രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളിൽ വളരെ നല്ല പ്രകടനം  കാഴ്ചവച്ചിട്ടും നാഷണൽ ടീമിൽ നിന്നും വിളി വരാത്തവർ. എന്നെങ്കിലും ഇന്ത്യൻ ടീമിൽ ഇടം പിടിക്കും എന്ന് ഏവരും കരുതിയവർ, എന്നാൽ ഇന്ത്യൻ ക്യാപ് അണിയാൻ ഭാഗ്യമില്ലാതെ പോയവർ.

 

അമോൽ മജുംദാർ

amol

ഫാബ്-4 എന്ന ഇന്ത്യൻ ബാറ്റിംഗ് രാജാക്കന്മാരുടെ നിഴലായിപ്പോയ താരം എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ക്രിക്കറ്റ് ലോകം അഭിപ്രായപ്പെടുന്നത്. 20 വർഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിൽ ഒരിക്കൽ പോലും ഇദ്ദേഹത്തിന് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. 173 മത്സരങ്ങളിൽ നിന്ന് 48.13 ശരാശരിയിൽ 11,167 റൺസ് നേടി. 30 സെഞ്ചുറിയും നേടിയിട്ടുണ്ട്. രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും ഇന്ത്യൻ എ  ടീമിൽ ഇടം നേടിയപ്പോൾ ടീം ഉപനായകൻ അമോൽ ആയിരുന്നു. ഇദ്ദേഹത്തിന് “ന്യൂ ടെണ്ടുൽക്കർ” എന്ന് വിളിപ്പേരുണ്ടായിരുന്നു.

 

യെറെ ഗൗഡ്

yere

“റെയിൽവേസിന്റെ ദ്രാവിഡ്” എന്ന് ജവഗൽ ശ്രീനാഥ് അഭിപ്രായപ്പെട്ട താരമാണ് ഗൗഡ്. ഫാബ്-4 ന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പോയ മറ്റൊരു താരം. 17 വർഷത്തോളം നീണ്ടുനിന്ന ആഭ്യന്തര കരിയറിൽ 45.53 ശരാശരിയിൽ 7650 റൺസ് നേടിയിട്ടുണ്ട്. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെ ച്ചിട്ടും നാഷണൽ ടീം എന്ന സ്വപ്നം ബാക്കിയായി.
നൂറ് രഞ്ജി മത്സരങ്ങൾ കളിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് യെറെ ഗൗഡ്.

 

അമർജിത് കയ്പീ

amarjith

സച്ചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസറുദീൻ എന്നിവരോടായിരിന്നു അമർജിത്തിന്റെ പോര്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനം അമർജിത്തിനെ 1991ൽ മികച്ച ഇന്ത്യൻ താരത്തിനുള്ള അവാർഡിന് അർഹനാക്കി. 27 സെഞ്ച്വറികൾ നേടിയ അമർജിത്തിന്റെ ബാറ്റിംഗ് ആവറേജ് 52.27 ആയിരുന്നു. നാഷണൽ ടീമിൽ ഇടം കിട്ടാഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ അമർജിത് പറഞ്ഞു “എന്റെ ജോലി നന്നായി കളിക്കുക എന്നതാണ്, സെലെക്ടർമാരാണ് ടീമിൽ എന്നെ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്” എന്നായിരുന്നു. സെലെക്ടർമാരുടെ തീരുമാനം എന്നും അമർജിത്തിന് എതിരായിരുന്നു.

 

കെ.എൻ . അനന്തപത്മനാഭൻ

kn

കേരളത്തിന്റെ ലെഗ് സ്പിന്നർ ആയിരുന്നു അനന്തപദ്മനാഭൻ. അനിൽ കുംബ്ലെയുടെ കാലത്താണ് അനന്തപദ്മനാഭൻ കേരളത്തിന് വേണ്ടി കളിച്ചിരുന്നത്. 27.54 ശരാശരിയിൽ 344 വിക്കറ്റ് നേടിയ ഈ കേരളാതാരം ഒരു ഇരട്ട സെഞ്ച്വറി അടക്കം 3 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ആൾറൗണ്ട് പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടും കുംബ്ലെയെ കടന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോൾ അമ്പയർ ആയി ക്രിക്കറ്റ് മൈതാനങ്ങളിൽ അനന്തപദ്മനാഭനുണ്ട്.

 

ഇതുപോലുള്ള താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ ഇനിയുമേറെയുണ്ട്. കഴിവുണ്ടായിട്ടും നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിനുവേണ്ടി കളിക്കാൻ പറ്റാതെ പോയവർ.
സെലക്ടർമാർ ഇവരെ കാണാതെ പോയതാണോ?, ഇവർക്ക് മുൻപിൽ കണ്ണടച്ചതാണോ?  ചോദ്യങ്ങൾ പലതും ബാക്കി.

 

Previous articleപിച്ചിലെ മലയാളം
Next articleഇന്ത്യ 500ന്‍റെ മികവില്‍