കേരളം മറക്കാനാഗ്രഹിക്കുന്ന ആ രണ്ട് ദിനങ്ങള്‍, എന്നും ഓര്‍മ്മയില്‍ നില്‍ക്കും മൂന്നാം ദിവസത്തെ പോരാട്ടം

- Advertisement -

മധ്യ പ്രദേശിനിതിരെയുള്ള മത്സരത്തില്‍ കേരളം മറക്കാനാഗ്രഹിക്കുക രണ്ട് ദിവസത്തെ പ്രകടനങ്ങളാവും, അതു പോലെത്തന്നെ ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കുന്ന എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന മൂന്നാം ദിവസത്തെ പോരാട്ടവും. ആദ്യ ദിവസം ബാറ്റിംഗിലാണ് കേരളം പതറിയതെങ്കില്‍ നാലാം ദിവസം ബൗളിംഗില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. 63 റണ്‍സിനു ഒന്നാം ദിവസം യാതൊരു ചെറുത്ത് നില്പുമില്ലാതെ കേരളം കീഴടങ്ങിയ ശേഷം മൂന്നാം ദിവസത്തെ പ്രകടനത്തിന്റെ ബലത്തില്‍ കേരളം മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

രണ്ടാം ഇന്നിംഗ്സിലും കേരളത്തിനു തുടക്കം നിരാശയോടെയായിരുന്നു. 8/4 എന്ന നിലയില്‍ നിന്ന് 455 റണ്‍സിലേക്ക് കേരളം എത്തുമ്പോളും 190 റണ്‍സിന്റെ ലീഡ് മാത്രമാണ് ടീമിനു നേടാനായത്. എത്രമാത്രം പിന്നില്‍ നിന്നാണ് ഈ തിരിച്ചുവരവെന്നതിന്റെ സൂചനയാണ് ഈ വലിയ സ്കോര്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയിട്ടും ലീഡ് 190 റണ്‍സില്‍ ഒതുങ്ങിയത്. വിഷ്ണു വിനോദിന്റെ 193*നോടൊപ്പം സച്ചിന്‍ ബേബിയും(143) ബേസില്‍ തമ്പിയും(57) ചേര്‍ന്നാണ് കേരളത്തെ തിരികെ മത്സരത്തിലേക്ക് എത്തിച്ചത്.

പരാജയപ്പെട്ടുവെങ്കിലും ആദ്യ ഇന്നിംഗ്സിലെ തകര്‍ച്ചയില്‍ നിന്ന് കേരളം മത്സരത്തിലേക്ക് തിരികെ വന്നത് ഏറെ ശ്രദ്ധേയമായ പ്രകടനമായി തന്നെ വിലയിരുത്തണം. 190 റണ്‍സ് ചെറുതെങ്കിലും കേരളത്തിനായി അക്ഷയ് കെസിയും ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും അടങ്ങുന്ന ബൗളിംഗ് നിര അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഒപ്പം തന്നെ ഫീല്‍ഡിംഗും കൈവിട്ടപ്പോള്‍ കാര്യങ്ങള്‍ അനുകൂലമല്ലാതായി മാറി. 77 റണ്‍സ് നേടിയ രജത് പടിഡാറിന്റെ മാത്രം രണ്ട് ക്യാച്ചുകളാണ് കേരളം കൈവിട്ടത്.

അക്ഷയ് കെസിയെയും ബേസില്‍ തമ്പിയെയും വേണ്ട വിധത്തില്‍ കേരളത്തിനു ഉപയോഗിക്കുവാന്‍ സാധിച്ചില്ലെന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നതും ടീമിന്റെ അവസാന ദിവസത്തെ തന്ത്രത്തിലെ പാളിച്ചയാണോ എന്നും വിലയിരുത്തപ്പെടണം. ബേസിലും അക്ഷയും വെറും 4 ഓവറുകള്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ എറിഞ്ഞത്.

ആത്മവിശ്വാസം തകര്‍ക്കുന്ന ഒരു തോല്‍വിയല്ല ഇന്ന് കേരളത്തിനു സംഭവിച്ചതെന്നുള്ളതില്‍ സന്തോഷിക്കാം. തീരെ പ്രതീക്ഷയില്ലാത്ത സ്ഥിതിയില്‍ നിന്ന് പൊരുതുവാനുള്ള ഊര്‍ജ്ജം നേടി കേരളം തിരികെ വന്നുവെന്നതില്‍ ആശ്വസിക്കാം. ഈ തോല്‍വിയിലും ഏറെ ആശ്വസിക്കുവാന്‍ ടീമിനുണ്ട്, ജയം നേടാനായില്ലെന്നതില്‍ വിഷമിക്കുന്നതിലും ഈ പ്രകടനത്തില്‍ നിന്ന് ഊറ്റം കൊണ്ട് ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കുവാനുള്ള ആവേശം ടീം നേടട്ടെ എന്ന് ആശംസിക്കുന്നു.

Advertisement