സൗരാഷ്ട്ര ചാമ്പ്യൻസ്!! രഞ്ജി ട്രോഫി കിരീടം ആദ്യമായി സൗരാഷ്ട്രയ്ക്ക് സ്വന്തം

രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്ര സ്വന്തമാക്കി. രഞ്ജി ഫൈനൽ സമനിലയിൽ അവസാനിച്ചതോടെയാണ് സൗരാഷ്ട്ര ജേതാക്കളായത്. സൗരാഷ്ട്ര ആദ്യ ഇന്നിങ്സ് ലീഡ്‌ നേടിയിരുന്നു. സമനില ആയാൽ ആദ്യ ഇന്നിങ്സ് ലീഡാണ് രഞ്ജിയിൽ വിജയികളെ തീരുമാനിക്കുന്നത്.

അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്ര 4 വികറ്റിന് 105 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മത്സരം സമനിലയായി പ്രഖ്യാപിച്ചത്. സൗരാഷ്ട്ര ഉയർത്തിയ ആദ്യ ഇന്നിങ്സിലെ കൂറ്റൻ സ്കോർ പിന്തുടർന്ന ബംഗാൾ ഇന്ന് 381 റൺസിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്സ് ലീഡ് നേടുന്നതിനോട് അടുക്കുന്നു എന്ന് ഇന്നലെ തോന്നിപ്പിച്ച ബംഗാൾ പക്ഷെ ഇന്ന് ബാറ്റിംഗിൽ തകർന്നടിയുകയായിരുന്നു.

അഞ്ചാം ദിവസം കളി 6 വിക്കറ്റ് നഷ്ടത്തിൽ 354 റൺസ് എന്ന നിലയിൽ ആരംഭിച്ച ബംഗാൾ ഇന്ന് ആകെ 27 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. 44 റൺസിന്റെ ലീഡ് സൗരാഷ്ട്ര ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയത്.

മികച്ച രീതിയിൽ ബാറ്റു ചെയ്യുന്ന മജുംദാറിന് ഇന്ന് രാവിലെ തന്നെ പുറത്താക്കാൻ സൗരാഷ്ട്രക്ക് ആയി. 60 റൺസാണ് മജുംദാർ എടുത്തത്. നന്ദി 40 റൺസുമായി പുറത്താകാതെ നിന്നെങ്കിലും മറുവശം കൊഴിഞ്ഞു വീണു.

സൗരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി കിരീടമാണ് ഇത്. മികച്ച ബാറ്റിങ് കാഴ്ചവെച്ച വാസവദയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Previous articleഐ പി എൽ തൽക്കാലം നടക്കില്ല, ടൂർണമെന്റ് മാറ്റിവെക്കാൻ തീരുമാനം
Next articleചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളും റദ്ദാക്കി