റണ്ണടിച്ച് കൂട്ടി സൗരാഷ്ട്രയും ഗുജറാത്തും

- Advertisement -

208 റണ്‍സ് മറികടക്കുവാന്‍ കേരളം ഇഴഞ്ഞ് നീങ്ങിയപ്പോള്‍ ഗ്രൂപ്പ് ബിയിലെ മറ്റു നോക്കൗട്ട് മോഹികള്‍ തങ്ങളുടെ മത്സരങ്ങളില്‍ റണ്ണടിച്ച് കൂട്ടുകയായിരുന്നു. ജാര്‍ഖണ്ഡിനെതിരെ ഗുജറാത്ത് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 411 റണ്‍സ് നേടിയപ്പോള്‍ സൗരാഷ്ട്ര നേടിയത് 534 റണ്‍സാണ്. കേരളം ഹരിയാനയ്ക്കെതിരെ ജയം സ്വന്തമാക്കിയാലും നിലവിലെ സ്ഥിതിയില്‍ സൗരാഷ്ട്രയ്ക്ക് ബോണ്‍സ് പോയിന്റോടു കൂടി മത്സരം സ്വന്തമാക്കുവാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

രാജസ്ഥാനെതിരെ പടുകൂറ്റന്‍ സ്കോറാണ് സൗരാഷ്ട്ര അടിച്ച് കൂട്ടിയത്. 286/3 എന്ന നിലയില്‍ നിന്ന് രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്കായി അവി ബാരോട്ട്(130) വേഗം പുറത്തായെങ്കിലും ഷെല്‍ഡണ്‍ ജാക്സണ്‍(94), ജയ്ദേവ് ഉനഡ്കട്(88), ധര്‍മ്മേന്ദ്രസിന്‍ഹ ജഡേജ(79) എന്നിവരുടെ ബാറ്റിംഗ് മികവ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനു രണ്ടാം ദിവസത്തെ കളി അവസാനിക്കുന്നതിനു മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി 60/2 എന്ന നിലയിലാണ്.

മറ്റൊരു നിര്‍ണ്ണായക മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ഗുജറാത്തും നാനൂറിനു മേലെ സ്കോര്‍ ചെയ്തു. 411 റണ്‍സിനു ഗുജറാത്ത് ഓള്‍ഔട്ട് ആയപ്പോള്‍ ജാര്‍ഖണ്ഡ് 98/3 എന്ന നിലയിലാണ്. റുജുല്‍ ഭട്ട് പുറത്താകാതെ നേടിയ 145 റണ്‍സാണ് ഗുജറാത്തിനു തുണയായത്. മന്‍പ്രീത് ജുനേജ(67) പുറത്തായ ശേഷം റുജുല്‍ ഒറ്റയ്ക്കാണ് ടീം സ്കോര്‍ 400 കടക്കാന്‍ സഹായിച്ചത്. ഗുജറാത്തിനു വേണ്ടി ആശിഷ് കുമാര്‍ നാലും ഷാഹ്ബാസ് നദീം മൂന്നും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement