സൗരാഷ്ട്രയും ഗുജറാത്തും ഭേദപ്പെട്ട നിലയില്‍

- Advertisement -

ഗ്രൂപ്പ് ബി യില്‍ നിന്ന് നോക്ക്ഔട്ട് മോഹങ്ങളുമായി മത്സരിക്കാനിറങ്ങിയ സൗരാഷ്ട്രയും ഗുജറാത്തും ഭേദപ്പെട്ട നിലയില്‍. ഗുജറാത്ത് ജാര്‍ഖണ്ഡുമായും സൗരാഷ്ട്ര രാജസ്ഥാനുമായുമാണ് മത്സരിക്കുന്നത്. ഇരു ടീമുകള്‍ക്കും ഇത് എവേ മത്സരമാണ്. ഗ്രൂപ്പ് ബിയില്‍ നിന്ന് കേരളത്തിനോടൊപ്പം സൗരാഷ്ട്രയ്ക്കും ഗുജറാത്തിനും നോക്ക്ഔട്ട് സാധ്യത നിലനില്‍ക്കുകയാണ്.

ജയ്പൂരില്‍ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലാണ് സൗരാഷ്ട്ര തങ്ങളുടെ നോക്ക്ഔട്ട് മോഹങ്ങളുമായി കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ് നേടിയ ആതിഥേയരായ രാജസ്ഥാന്‍ സൗരാഷ്ട്രയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ വേഗം പുറത്തായെങ്കിലും അവി ബാരോട്ട്(128*), റോബിന്‍ ഉത്തപ്പ(59), ഷെല്‍ഡണ്‍ ജാക്സണ്‍(54*) എന്നിവരാണ് സൗരാഷ്ട്രയ്ക്കായി തിളങ്ങിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര 3 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടിയിട്ടുണ്ട്. അപരാജിതമായ നാലാം വിക്കറ്റില്‍ അവി ബാരോട്ട്-ഷെല്‍ഡണ്‍ ജാക്സണ്‍ സഖ്യം 124 റണ്‍സാണ് നേടിയിട്ടുള്ളത്.

മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ഗുജറാത്ത് 262/4 എന്ന നിലയിലാണ്. പ്രിയാങ്ക് പഞ്ചല്‍(33), സമിത് ഗോഹെല്‍(64), പാര്‍ത്ഥിവ് പട്ടേല്‍(33), ഭാര്‍ഗവ് മെരായി(23) എന്നിവരാണ് പുറത്തായത്. അഞ്ചാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ട് നേടി മന്‍പ്രീത് ജുനേജ(51*), റുജുല്‍ ഭട്ട്(51*) എന്നിവരാണ് ഗുജറാത്തിനായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ ബാറ്റ്സ്മാന്മാര്‍ക്കെല്ലാം തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കുന്നതില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement