സൗരാഷ്ട്രയ്ക്ക് ഇന്നിംഗ്സ് ജയ പ്രതീക്ഷ, ഗുജറാത്തിനും മേല്‍ക്കൈ

- Advertisement -

ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായക മത്സരങ്ങളില്‍ സൗരാഷ്ട്രയ്ക്കും ഗുജറാത്തിനും മുന്‍തൂക്കം. ഇന്ന് ഇരു ടീമുകളുടെയും മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സൗരാഷ്ട്രയ്ക്ക് ഇന്നിംഗ്സ് ജയ പ്രതീക്ഷയാണുള്ളതെങ്കിലും ഗുജറാത്തിനും വിജയം പിടിച്ചെടുക്കാനുള്ള സാധ്യത ഏറെയാണ്. ഇരു ടീമുകളും തങ്ങളുടെ എതിരാളികളെ ഫോളോ ഓണിനു വിധേയരാക്കുകയായിരുന്നു. ഗുജറാത്തിനെതിരെ ജാര്‍ഖണ്ഡ് 63 റണ്‍സിനു പിന്നിലാണെങ്കില്‍ സൗരാഷ്ട്രയ്ക്ക് എതിരെ രാജസ്ഥാന്‍ 246 റണ്‍സിനാണ് പിന്നില്‍. ഒരു ദിവസം അവശേഷിക്കെ അത്ഭുതങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് സൗരാഷ്ട്രയും ഗുജറാത്തും വിജയികളായിത്തീരുമെന്ന് ഉറപ്പാണ്.

60/2 എന്ന നിലയില്‍ സൗരാഷ്ട്രയ്ക്കെതിരെ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച രാജസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് 275 റണ്‍സിനു അവസാനിച്ചു. ചേതന്‍ ദിനേശ് ബിഷ്ട്(41), റോബിന്‍ ബിഷ്ട്(63), അശോക് മെനാരിയ(46), മഹിപാല്‍ ലോംറോര്‍(52) എന്നിവര്‍ മികച്ച സ്കോറുകള്‍ നേടിയെങ്കിലും 182/3 എന്ന നിലയില്‍ നിന്ന് രാജസ്ഥാന്‍ ഇന്നിംഗ്സ് 275 റണ്‍സില്‍ അവസാനിച്ചു. ജയ്ദേവ് ഉനഡ്കട്, ഷൗര്യ സനന്‍ഡിയ, ധര്‍മ്മേന്ദ്രസിന്‍ഹ ജഡേജ എന്നിവര്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. കുശാംഗ് പട്ടേലിനാണ് ഒരു വിക്കറ്റ്.

രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സാണ് രാജസ്ഥാന്‍ നേടിയിട്ടുള്ളത്.

ഗുജറാത്തിന്റെ 411 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡ് ആദ്യ ഇന്നിംഗ്സില്‍ 242 റണ്‍സിനു ഓള്‍ഔട്ട് ആയി. കുമാര്‍ ദിയോബ്രത്(80) ടോപ് സ്കോറര്‍ ആയപ്പോള്‍ ഓപ്പണര്‍ നസീം സിദ്ധിക്കി 71 റണ്‍സ് നേടി. ഗുജറാത്തിനു വേണ്ടി ചിന്തന്‍ ഗജ, കമലേഷ് താക്കോര്‍ എന്നിവര്‍ മൂന്നും ഹാര്‍ദ്ദിക് പട്ടേല്‍ രണ്ടും വിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്സില്‍ ജാര്‍ഖണ്ഡ് 106/2 എന്ന നിലയിലാണ്. കുമാര്‍ ദിയോബ്രത് 53 റണ്‍സ് നേടി രണ്ടാം ഇന്നിംഗ്സിലും തിളങ്ങി. 32 റണ്‍സുമായി വിരാട് സിംഗും 9 റണ്‍സ് നേടിയ ഉത്കര്‍ഷ് രാജീവ് സിംഗുമാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement