
ജമ്മു കാശ്മീരിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. 112 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെ ഇന്നിംഗ്സ് മാത്രമാണ് കേരളത്തിനു ആദ്യ ദിവസം പ്രതീക്ഷ നല്‍കിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 204/6 എന്ന നിലയിലായിരുന്ന കേരളം 15 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കേരളം നേടിയ 219 റണ്‍സിനു മറപുടിയായി ബാറ്റിംഗിനിറങ്ങിയ ജമ്മു കാശ്മീര്‍ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സ് നേടിയിട്ടുണ്ട്. 12 ഓവറില്‍ നിന്നാണ് സന്ദര്‍ശകര്‍ 16 റണ്‍സ് നേടിയത്. അഹമ്മദ് ഒമര്‍ ബാണ്ഡേ(7*), ശുഭം ഖജൂരിയ(7*) എന്നിവരാണ് ക്രീസില്‍.
നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനെതിരെ വിജയം നേടിയ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് കേരളം ഇറങ്ങിയത്. സന്ദീപ് വാര്യര്‍, മുഹമ്മദ് അസ്ഹറുദ്ദീന്, അക്ഷയ് ചന്ദ്രന് എന്നിവര്‍ക്ക് പകരം ബേസില്‍ തമ്പി, സല്മാന് നിസാര്‍, അക്ഷയ് കെ സി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു.
ജമ്മു കാശ്മീരിനായി നായകന് പര്‍വേസ് റസൂല്‍ ആറ് വിക്കറ്റ് നേടി. സഞ്ജു ഉള്‍പ്പടെ കേരളത്തിന്റെ അവസാന നാല് വിക്കറ്റുകളും വീഴ്ത്തി കേരളത്തിന്റെ ആദ്യ ദിവസത്തെ നിരാശാജനകമാക്കിയത് റസൂല്‍ ആണ്. മുഹമ്മദ് മുദ്ദസിര്, ആമീര്‍ അസിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial