രഞ്ജി ട്രോഫിയിൽ ഹോം എവേ ഫോർമാറ്റ് തിരിച്ചു വന്നേക്കും

- Advertisement -

രഞ്ജി ട്രോഫി മത്സരങ്ങൾ വീണ്ടും ഹോം എവേ ഫോര്മാറ്റിലേക്ക് തിരിച്ചു വന്നേക്കും, ആഗസ്റ്റ് രണ്ടിന് സൗരവ് ഗാംഗുലി ചെയർമാനായുള്ള ടെക്നിക്കൽ കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനമെടുക്കും. 2015-2016 സീസൺ വരെ ഹോം എവേ ഫോർമാറ്റിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത് എങ്കിലും കഴിഞ്ഞ സീസണിൽ ന്യൂട്രൽ വേദികളിൽ മത്സരങ്ങൾ നടത്തുകയായിരുന്നു.

ഹോം ടീം പിച്ചുകളിൽ കൃതൃമം കാണിച്ചു മത്സരം തങ്ങൾക്ക് അനുകൂലമാക്കുകയാണ്‌ എന്ന വ്യാപകമായ പരാതികൾ ഉയർന്ന അടിസ്ഥാനത്തിൽ ആയിരുന്നു ബിസിസിഐ ന്യൂട്രൽ വേദികളിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ വർഷമാദ്യം മുംബൈയിൽ വെച്ച് നടന്ന ടീം ക്യാപ്റ്റന്മാരുടെ യോഗത്തിൽ ന്യൂട്രൽ വേദികളെ കുറിച്ച് മോശം പ്രതികരണങ്ങൾ വന്ന സാഹചര്യത്തിലാണ് ഹോം എവേ ഫോർമാറ്റ് തിരികെ കൊണ്ടുവരാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്.

രഞ്ജി ട്രോഫിയുടെ 84ആം പതിപ്പിൽ മത്സരങ്ങൾ ഏതു ഫോർമാറ്റിൽ ആയിരിക്കും എന്നത് സൗരവ് ഗാംഗുലിയുടെ കീഴിലുള്ള ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് ബിസിസിഐ. ഹോം എവേ ഫോർമാറ്റ് തിരിച്ചുകൊണ്ടുവരും എന്ന് തന്നെയാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement