
534 റണ്‍സ് കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ 275 റണ്‍സിനു പുറത്താക്കിയപ്പോള്‍ വലിയൊരു വിജയമായിരുന്നു സൗരാഷ്ട്ര പ്രതീക്ഷിച്ചത്. ഹരിയാനയ്ക്കെതിരെ കേരളം ശക്തമായ നിലയിലായതിനാല്‍ വിജയം പോലും സൗരാഷ്ട്രയ്ക്ക് മതിയാവില്ലായിരുന്നു. എന്നാല്‍ നാലാം ദിവസം സൗരാഷ്ട്രയെ വരവേറ്റത് രാജസ്ഥാന്റെ ചെറുത്ത് നില്പാണ്. ഇന്നിംഗ്സ് വിജയ പ്രതീക്ഷയുമായി എത്തിയ സൗരാഷ്ട്രയില്‍ നിന്ന് സമനില പിടിച്ചെടുക്കാന്‍ രാജസ്ഥാനായി. മത്സരം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രാജസ്ഥാന് 394/7 എന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ 3 പോയിന്റ് സൗരാഷ്ട്രയ്ക്ക് നേടാനായെങ്കിലും അവരുടെ നോക്കൗട്ട് മോഹങ്ങള്‍ പൊലിയുകയായിരുന്നു.
ഉച്ചയോട് കൂടി ഹരിയാനയ്ക്കെതിരെ ഇന്നിംഗ്സ് വിജയം കേരളം സ്വന്തമാക്കിയപ്പോള്‍ തന്നെ ക്വാര്‍ട്ടര്‍ യോഗ്യത എന്ന സൗരാഷ്ട്ര സ്വപ്നം പൊലിഞ്ഞിരുന്നു. എന്നിരുന്നാലും വിജയത്തോടെ രഞ്ജി മത്സരങ്ങള്‍ അവസാനിപ്പിക്കുക എന്ന സൗരാഷ്ട്രയുടെ മോഹങ്ങളെയാണ് രാജസ്ഥാന് ബാറ്റ്സ്മാന്മാര് ഇല്ലാതാക്കിയത്. 13/0 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച രാജസ്ഥാനു വേണ്ടി മൂന്ന് താരങ്ങളാണ് ശതകം നേടിയത്. ഓപ്പണര്‍മാരായ അമിത് കുമാര്‍ ഗൗതം(100), ചേതന്‍ ദിനേശ് ബിഷ്ട്(109) എന്നിവരുടെ ശതകങ്ങള്‍ക്ക് പിന്നാലെ മധ്യ നിരയില്‍ രാജേഷ് ബിഷ്ണോയി 103 റണ്‍സ് നേടി പുറത്താകാതെ നിന്നു. വെറും 105 പന്തില്‍ നിന്നാണ് ബിഷ്ണോയി തന്റെ ശതകം തികച്ചത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ധര്‍മേന്ദ്രസിന്‍ഹ് ജഡേജ തന്റെ മികവാര്‍ന്ന പ്രകടനം തുടര്‍ന്നു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം മത്സരത്തിലെ വിക്കറ്റ് നേട്ടം 8 ആക്കി ഉയര്‍ത്തി. ധര്‍മ്മേന്ദ്ര തന്നെയാണ് കളിയിലെ താരവും. ബാറ്റിംഗിനിറങ്ങിയപ്പോള്‍ നിര്‍ണ്ണായകമായ 79 റണ്‍സ് ധര്‍മ്മേന്ദ്ര സ്വന്തമാക്കിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial