അഞ്ച് വിക്കറ്റുമായി സന്ദീപ് വാര്യര്‍, കേരളത്തിനു ജയിക്കുവാന്‍ 41 റണ്‍സ്

രഞ്ജിയിലെ മികവ് എവേ മത്സരത്തിലും തുടര്‍ന്ന് കേരളം. ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിനു പുറത്താക്കിയാണ് കേരളം മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്നിംഗ്സില്‍ ബംഗാളിനു 40 റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാനായത്. മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ വിജയം നേടി ബോണ്‍സ് പോയിന്റ് കരസ്ഥമാക്കുക എന്നതാവും കേരളത്തിന്റെ ലക്ഷ്യം.

115/2 എന്ന നിലയില്‍ നിന്നാണ് ബംഗാള്‍ 184 റണ്‍സിനു ഓള്‍ഔട്ട് ആയത്. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മനോജ് തിവാരിയെ സന്ദീപ് വാര്യര്‍ പുറത്താക്കിയ ശേഷം ഏറെ വൈകാതെ ബംഗാള്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. സുദീപ് ചാറ്റര്‍ജി 39 റണ്‍സ് നേടി. ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേന, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

33 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് സന്ദീപ് ബംഗാളിന്റെ നടുവൊടിച്ചത്.

ബംഗാള്‍ പൊരുതുന്നു, 41 റണ്‍സ് മാത്രം പിന്നില്‍

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ബംഗാള്‍. 5/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ടീമിനു അഭിഷേക് കുമാര്‍ രാമനെ(13) നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 26 ആയിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ നായകന്‍ മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും പുറത്താകാതെ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ ബംഗാള്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 103/2 എന്ന നിലയിലാണ്. കേരളത്തിനു 41 റണ്‍സിന്റെ ലീഡ് മാത്രമാണ് കൈവശമുള്ളത്.

56 പന്തില്‍ 56 റണ്‍സുമായി മനോജ് തിവാരിയും 27 റണ്‍സ് നേടി സുദീപ് ചാറ്റര്‍ജിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. കേരളത്തിനായി രണ്ട് വിക്കറ്റും വീഴ്ത്തിയത് സന്ദീപ് വാര്യര്‍ ആണ്.

ഷമി 15 ഓവറിലുമധികം എറിയുവാന്‍ തയ്യാറായിരുന്നു: ബംഗാള്‍ കോച്ച്

രഞ്ജിയില്‍ 15ലധികം ഓവറുകള്‍ ഒരിന്നിംഗ്സില്‍ എറിയരുതെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം അവഗണിച്ച് 26 ഓവറുകള്‍ കേരളത്തിനെതിരെ എറിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി ബംഗാള്‍ കോച്ച്. മുഹമ്മദ് ഷമി 15ലധികം ഓവറുകള്‍ എറിയുവാന്‍ തയ്യാറായാണ് വന്നതെന്നും ബംഗാള്‍ കോച്ച് അറിയിക്കുകയായിരുന്നു. ആദ്യ ദിവസം 147 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം കേരളത്തെ 114/5 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയതില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു.

എന്നാല്‍ ജലജ് സക്സേനയുടെ മികവില്‍ കേരളം മുന്നോട്ട് കുതിച്ചപ്പോള്‍ വിക്കറ്റിനായി ഷമിയെ കൂടുതല്‍ ഓവറുകള്‍ ബംഗാള്‍ എറിയിപ്പിക്കുകയായിരുന്നുവെങ്കിലും താരത്തിനു തന്റെ മൂന്ന് വിക്കറ്റ് നേട്ടത്തോട് കൂട്ടിചേര്‍ക്കുവാന്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. താനും ടീം മാനേജ്മെന്റും താരത്തിനോട് വിശ്രമം എടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന ഷമി കൂടുതല്‍ ഓവറുകള്‍ എറിയുവാന്‍ സന്നദ്ധനായിരുന്നുവെന്ന് ബംഗാള്‍ കോച്ച് സായിരാജ് ബഹുതുലേ അറിയിച്ചു.

ഷമി തയ്യാറാണെങ്കില്‍ രണ്ടാം ഇന്നിംഗ്സിലും താരം കൂടുതല്‍ ഓവറുകള്‍ എറിയുമെന്ന് ബഹുതുലെ അറിയിക്കുകയായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് താരത്തെ തടയാനാകില്ലെന്നും അദ്ദേഹം തന്നെ എടുക്കേണ്ട തീരുമാനമാണിതെന്നുമാണ് ബഹുതുലെയുടെ അഭിപ്രായം. അശ്വിനോടും ഇഷാന്തിനോടും രഞ്ജിയില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ ആവശ്യപ്പെട്ട ബിസിസിഐ ഷമിയോട് ഉപാധികളോടെ മത്സരിക്കുവാന്‍ അനുവാദം നല്‍കുകയായിരുന്നു.

ഓരോ ദിവസത്തിനു ശേഷവും താരത്തിന്റെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് ബിസിസിഐ ഫിസിയോയ്ക്ക് നല്‍കുവാനും ബംഗാളിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ബിസിസിഐ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഷമിയും ബംഗാളും

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ കളിക്കുവാന്‍ ബിസിസിഐ മുഹമ്മദ് ഷമിയ്ക്ക് അനുമതി നല്‍കുമ്പോള്‍ ആവശ്യപ്പെട്ടിരുന്ന കാര്യം ഒരിന്നിംഗ്സില്‍ 15ലധികം ഓവറുകള്‍ എറിയരുതെന്നാണ്. മത്സരത്തിന്റെ സാഹചര്യമനുസരിച്ച് മൂന്നോ നാലോ ഓവറുകള്‍ അധികം എറിയുന്നത് വരെ അനുവദനീയമാണെന്ന് ബിസിസിഐ കൃത്യമായ നിര്‍ദ്ദേശം കൊടുത്തിരിക്കുന്നു. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരമ്പര വിജയ സാധ്യതകളെ ബാധിക്കാതിരിക്കുവാനായി ടെസ്റ്റ് താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് ചെയ്യുന്നതിനായിരുന്നു ഈ നിര്‍ദ്ദേശം.

എന്നാല്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മുഹമ്മദ് ഷമി 26 ഓവറുകളാണ് എറിഞ്ഞത്. അനുവദനീയമായ അളവിലും ഏറെ അധികം ഓവറുകള്‍ താരം എറിഞ്ഞതിനു എന്ത് വിശദീകരണമാവും ഷമിയും ടീം മാനേജ്മെന്റും ബിസിസിഐയ്ക്ക് നല്‍കുന്നതെന്നാവും വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

143 റണ്‍സുമായി ജലജ് സക്സേന, കേരളം 291 റണ്‍സിനു പുറത്ത്

ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ 144 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേടി കേരളം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം 291 റണ്‍സിനു കേരളം പുറത്താകുമ്പോള്‍ 143 റണ്‍സ് നേടിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്. സക്സേനയ്ക്കൊപ്പം 39 റണ്‍സ് നേടിയ വിഎ ജഗദീഷും 32 റണ്‍സുമായി പുറത്താകാതെ നിന്ന അക്ഷയ് ചന്ദ്രനുമാണ് കേരളത്തിനായി തിളങ്ങിയ താരങ്ങള്‍.

യുവ താരം ഇഷാന്‍ പോറെലിന്റെ ബൗളിംഗാണ് കേരളത്തിന്റെ ഇന്നിംഗ്സിനെ ചുരുട്ടിക്കെട്ടിയത്. 114/5 എന്ന നിലയില്‍ നിന്ന് 119 റണ്‍സാണ് ആറാം വിക്കറ്റില്‍ ജലജും ജഗദീഷും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും വിക്കറ്റുകള്‍ ഉള്‍പ്പെടെ നാല് വിക്കറ്റാണ് മത്സരത്തില്‍ നിന്ന് ഇഷാന്‍ നേടിയത്. മുഹമ്മദ് ഷമി 3 വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ബംഗാള്‍ 5/1 എന്ന നിലയിലാണ്. ഒരു റണ്‍സ് നേടിയ കൗശിക് ഘോഷിനെ സന്ദീപ് വാര്യര്‍ പുറത്താക്കി. കേരളത്തിന്റെ സ്കോറിനു 139 റണ്‍സ് പിന്നിലായാണ് ബംഗാള്‍ നിലവില്‍ നില്‍ക്കുന്നത്.

ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി കേരളം

ബംഗാളിന്റെ 147 റണ്‍സ് പിന്തുടരാനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടി. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 148/5 എന്ന നിലയിലാണ്. ജലജ് സക്സേന പുറത്താകാതെ 71 റണ്‍സുമായി നില്‍ക്കുമ്പോള്‍ വി എ ജഗദീഷ് ആണ് കൂട്ടായി 17 റണ്‍സുമായി ക്രീസില്‍ ഒപ്പമുള്ളത്. മത്സരത്തില്‍ കേരളത്തിനു 1 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

ബംഗാളിനു വേണ്ടി മുഹമ്മദ് ഷമിയാണ് മൂന്ന് വിക്കറ്റുമായി തിളങ്ങിയത്. സഞ്ജുവിനെ പൂജ്യത്തിനു പുറത്താക്കിയ ഷമി സച്ചിന്‍ ബേബിയെയും(23) ഇന്നലെ അരുണ്‍ കാര്‍ത്തിക്കിന്റെയും വിക്കറ്റുകള്‍ നേടിയിരുന്നു. മുകേഷ് കുമാറും അശോക് ദിന്‍ഡയും ഓരോ വിക്കറ്റ് നേടി.

രാജസ്ഥാന്‍ ജാര്‍ഖണ്ഡ് മത്സരം, ആദ്യ ദിവസം വീണത് 15 വിക്കറ്റ്

റാഞ്ചിയില്‍ ഇന്ന് ആരംഭിച്ച രാജസ്ഥാന്‍ ജാര്‍ഖണ്ഡ് രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസം വീണത് 15 വിക്കറ്റ്. ജാര്‍ഖണ്ഡിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി വരുണ്‍ ആരോണ്‍ രാജസ്ഥാനെ 100 റണ്‍സില്‍ ഒതുക്കിയപ്പോള്‍ തന്‍വീര്‍ ഉള്‍-ഹക്കിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ രാജസ്ഥാന്‍ ജാര്‍ഖണ്ഡിന്റെ 92/5 എന്ന നിലയിലാക്കി പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു.

ഇഷാംഗ് ജഗ്ഗി 44 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ നില്‍ക്കുമ്പോള്‍ ജാര്‍ഖണ്ഡ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് നില്‍ക്കുന്നത്. വരുണ്‍ ആരോണിനു പുറമേ അജയ് യാദവ് ജാര്‍ഖണ്ഡിനായി മൂന്ന് വിക്കറ്റ് നേടി.

രഞ്ജിയിൽ ആദ്യ ദിവസം കേരളത്തിന്റെ ആധിപത്യം

ബംഗാളിനെതിരായ രഞ്ജി ട്രോഫിയിൽ ആദ്യ ദിനം കേരളത്തിന് ആധിപത്യം. ടോസ് നേടി ബംഗാളിനെ ബാറ്റിങ്ങിന് പറഞ്ഞയച്ച കേരളം നേരത്തെ ബംഗാളിനെ 147 റൺസിന്‌ ഓൾ ഔട്ട് ആക്കിയിരുന്നു. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച കേരളം ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എടുത്തിട്ടുണ്ട്. ഒരു റൺസ് എടുത്ത അരുൺ കാർത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് ഷാമിക്കായിരുന്നു വിക്കറ്റ്.

14 റൺസ് വീതം എടുത്ത് രോഹൻ പ്രേമും ജലജ് സക്‌സേനയുമാണ് ക്രീസിൽ ഉള്ളത്. നേരത്തെ ബേസിൽ തമ്പിയുടെയും നിധീഷിന്റെയും ബൗളിങ്ങിന്റെ പിൻബലത്തിലാണ് കേരളം ബംഗാളിനെ 147 റൺസിന്‌ ഓൾ ഔട്ട് ആക്കിയത്.

കേരളത്തിന് മുൻപിൽ ബംഗാൾ തകർന്നു

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിനെ ചുരുട്ടികെട്ടി കേരളം. മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം ബംഗാൾ ബാറ്റ്സ്മൻമാരെ ചുരുട്ടി കെട്ടി. വെറും 147 റൺസിനാണ് ബംഗാളിനെ കേരളം ഓൾ ഔട്ട് ആക്കിയത്. ബേസിൽ തമ്പിയുടെ ബൗളിംഗ് ആണ് ബംഗാളിനെ ഓൾ ഔട്ട് ആക്കാൻ കേരളത്തിന് സഹായകരമായത്.

ബംഗാളിന് വേണ്ടി മജുൻഡാർ 53 റൺസും അഭിഷേക് കുമാർ 40 റൺസും എടുത്തു പുറത്തായി. കേരള നിരയിൽ ബേസിൽ തമ്പി 4 വിക്കറ്റും നിദീഷ് 3 വിക്കറ്റും നേടി.

കേരളത്തിനെതിരെ ബംഗാളിനു മൂന്ന് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ മൂന്നാമത്തെയും ആദ്യത്തെ എവേ മത്സരത്തിലും കേരളത്തിനു മികച്ച ആദ്യ സെഷന്‍. ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 3 വിക്കറ്റ് നഷ്ടപ്പെട്ട് 77 റണ്‍സാണ് നേടിയിട്ടുള്ളത്. സന്ദീപ് വാര്യര്‍ രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടിയ മത്സരത്തില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായ ശേഷം അഭിഷേക് കുമാര്‍ രാമന്‍(40)-മനോജ് തിവാരി(22*) കൂട്ടുകെട്ട് നേടിയ 46 റണ്‍സിന്റെ ബലത്തിലാണ് മത്സരത്തിലേക്ക് ബംഗാള്‍ തിരികെ എത്തുന്നത്.

മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ നായകന്‍ മനോജ് തിവാരിയ്ക്കൊപ്പം 7 റണ്‍സുമായി അനുസ്തുപ് മജുംദാര്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്.

അശ്വിനോടും ഇഷാന്തിനോടും രഞ്ജിയിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ട് ബി.സി.സി.ഐ

ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങളായ ഇഷാന്ത് ശർമയോടും അശ്വിനോടും നാളെ നടക്കാനിരിക്കുന്ന രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞ് ബി.സി.സി.ഐ.  ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായിട്ടാണ് ബി.സി.സി.ഐയുടെ തീരുമാനം. അതെ സമയം ഇന്ത്യൻ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷാമിക്ക് ചില നിയന്ത്രണങ്ങളോടെ രഞ്ജിയിൽ മത്സരിക്കാൻ ബി.സി.സി.ഐ അനുവാദം നൽകിയിരുന്നു.

നാളെ തുടങ്ങുന്ന രഞ്ജി മത്സരങ്ങൾ നവംബർ 24നാണ് അവസാനിക്കുക. നവംബർ 28ന് ഇന്ത്യക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന മത്സരവുമുണ്ട്. ഇത് മുൻപിൽ കണ്ടു കൊണ്ടാണ് താരങ്ങളെ രഞ്ജിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത്. ഇഷാന്തിന്റെ സേവനം നഷ്ടമാവുന്നത് രഞ്ജിയിൽ ഡൽഹിക്ക് തിരിച്ചടിയാണ്. അതെ സമയം അശ്വിൻ തമിഴ്നാടിന്റെ രണ്ടാമത്തെ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ചിരുന്നില്ല.

ഡിസംബർ 6ന് അഡ്ലെയ്ഡിൽ വെച്ചാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് പോരാട്ടം.

നിയന്ത്രണങ്ങളോടെ ഷമിയ്ക്ക് കേരളത്തിനെതിരെ കളിയ്ക്കാം

വരുന്ന ചൊവ്വാഴ്ച കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ബംഗാളിനു വേണ്ടി മുഹമ്മദ് ഷമിയ്ക്ക് കളിയ്ക്കുവാന്‍ അനുമതി നല്‍കി ബിസിസിഐ. എന്നാല്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളത്തിനെതിരെ കളിയ്ക്കുമ്പോള്‍ ഷമിയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അംഗമായ ഷമിയുടെ വര്‍ക്ക് ലോഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

ഒരിന്നിംഗ്സില്‍ 15 ഓവറുകള്‍ വരെ മാത്രമേ താരത്തിനു എറിയാനാകുള്ളുന്നുവെന്ന ഉപാധിയാണ് ബോര്‍ഡ് നടപ്പിലാക്കിയിരിക്കുന്നത്. കൂടി വന്നാല്‍ രണ്ടോ മൂന്നോ ഓവറുകള്‍ മാത്രം അധികം എറിയുവാനുള്ള അനുമതിയാണ് താരത്തിനുള്ളത്. ബംഗാള്‍ ടീം മാനേജ്മെന്റിനോട് ഷമിയുടെ ഫിറ്റ്‍നെസ് സംബന്ധിച്ച് ദിനം പ്രതിയുള്ള റിപ്പോര്‍ട്ട് ബോര്‍ഡിന്റെ ഫിസിയോയ്ക്ക് കൈമാറുവാനും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version