കേരള ടീമിന്റെ മുഖമുദ്രയായി മാറി പേസ് ബൗളിംഗ് അറ്റാക്ക്

Pic Credits: Kerala Cricket Association/FB
- Advertisement -

സന്ദീപ് വാര്യറും ബേസില്‍ തമ്പിയും – ഇവരെ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പെയറുകളുമായിട്ടാണ്. ഇരുവരും രണ്ട് എന്‍ഡുകളില്‍ നിന്ന് പന്തെറിയുമ്പോള്‍ ഏത് അന്താരാഷ്ട്ര പേസ് ബൗളര്‍മാരും എതിര്‍ ടീമുകളില്‍ വിതയ്ക്കുന്ന ഭീതി തന്നെയാണ് രഞ്ജിയില്‍ ഇപ്പോള്‍ ഈ ബൗളിംഗ് സഖ്യം കാഴ്ച വയ്ക്കുന്നത്. ഒപ്പം പിന്തുണയും ചിലപ്പോള്‍ ഇവരെ വെല്ലുന്ന പ്രകടനവുമായി നിധീഷം എംഡിയും. കരുത്താര്‍ന്ന പേസ് നിരയെയാണ് കേരളം വാര്‍ത്തെടുത്തിരിക്കുന്നത്. രഞ്ജിയില്‍ കേരളം തങ്ങളുടെ അഭിമാന നേട്ടം ഇപ്പോള്‍ തന്നെ കുറിച്ച് കഴിഞ്ഞു. ഇനി കിട്ടുന്നതെല്ലാം ബോണസ് ആണ് എന്നാലും ഫൈനലും കിരീടവും ഒരു ജനത മുഴുവന്‍ സ്വപ്നം കാണുന്നുണ്ട്.

Pic Credits: Kerala Cricket Associaion/FB

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെയും കൃഷ്ണഗിരിയില്‍ പേസ് ബൗളിംഗ് കരുത്തിലാണ് കേരളം വിജയിച്ചത്. സെമിയില്‍ കുറച്ച് കൂടി കരുത്തരായ എതിരാളികളാണ് വിദര്‍ഭ. കേരളത്തെ 106 റണ്‍സിനു പുറത്താക്കി കുതിയ്ക്കുകയായിരുന്നു വിദര്‍ഭ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍. കൂറ്റന്‍ ലീഡിലേക്ക് വിദര്‍ഭയെന്ന് എഴുതി തയ്യാറാക്കിയ പത്ര റിപ്പോര്‍ട്ടര്‍മാരെ വരെ അത്ഭുതപ്പെടുത്തിയ ബൗളിംഗ് പ്രകടനത്തിലൂടെയാണ് കേരളം രഞ്ജി ട്രോഫി സെമി മത്സരത്തിലേക്ക് തിരികെ വരുന്നത്.

170/2 എന്ന നിലയില്‍ 171/5 എന്ന നിലയിലേക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ വീണ വിദര്‍ഭയുടെ രണ്ടാം ദിവസത്തെ തുടക്കവും മോശമായിരുന്നു. ഒരു റണ്‍സ് കൂടി നേടുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകള്‍ കൂടി ടീമിനു നഷ്ടമായപ്പോള്‍ 2 റണ്‍സിനിടെ ടീമിനു നഷ്ടമായത് 5 വിക്കറ്റുകള്‍. വലിയ ലീഡില്‍ നിന്ന് ലീഡ് നൂറ് കടക്കുമോയെന്ന പരിഭ്രാന്തിയില്‍ വിദര്‍ഭ ക്യാമ്പ്.

എന്നാല്‍ വിദര്‍ഭയെ 100 റണ്‍സ് ലീഡ് കടക്കുവാന്‍ സഹായിച്ചു വാലറ്റം. ബൗളിംഗില്‍ ഏഴ് വിക്കറ്റ് നേടിയ ഉമേഷ് യാദവ് നിര്‍ണ്ണായകമായ 17 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും ടീം 208 റണ്‍സിനു പുറത്തായി. 102 റണ്‍സ് ലീഡ്. 300നു മേലെ ലീഡ് വിദര്‍ഭ നേടുമെന്ന് ഒരു ഘട്ടത്തില്‍ ഉറപ്പിച്ച ശേഷമാണ് കേരളത്തിന്റെ ഈ തിരിച്ചുവരവിനു പേസ് ബൗളര്‍മാരി വഴി പാകിയത്.

മത്സരം വിജയിക്കുമെന്ന് പറയാനൊന്നും ആയിട്ടില്ലെങ്കില്‍ കേരള ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നാള്‍ വരും ദിവസങ്ങളില്‍ കേരള ക്രിക്കറ്റ് കാത്തിരിക്കുന്നത് ചരിത്ര നിമിഷം തന്നെയായിരിക്കും. അതേ, ചരിത്രത്തില്‍ ആദ്യമായി ഒരു രഞ്ജി ട്രോഫി ഫൈനല്‍.

Advertisement