
കേരളം ഉയര്‍ത്തിയ 343 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന രാജസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ രാജസ്ഥാന് 95/4 എന്ന നിലയിലാണ്. സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റുമായി കേരള നിരയില്‍ തിളങ്ങി. രാജേഷ് ബിഷ്ണോയി 35 റണ്‍സ് നേടി പുറത്തായി. റോബിന് ബിഷ്ട്(41*), മഹിപാല്‍ ലോംറോര്‍(17*) എന്നിവരാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ സഖ്യം രാജസ്ഥാന്റെ തോല്‍വി ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ്. വിജയം സ്വന്തമാക്കാന്‍ രാജസ്ഥാന് 248 റണ്‍സ് കൂടി നേടേണ്ടതുണ്ട്. കേരളത്തിനു വിജയം 6 വിക്കറ്റ് അകലെയാണ്.
ആദ്യ ഓവറില്‍ തന്നെ അമിത്കുമാര്‍ ഗൗതമിനെ പുറത്താക്കി സന്ദീപ് വാര്യര്‍ കേരളത്തിനു മികച്ച തുടക്കം നല്കി. രണ്ടാം ഓവറില്‍ ദിഷാന്ത് യാഗ്നികിനെ പുറത്താക്കി നിധീഷ് കേരളത്തിനു രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു. ഇരു ബാറ്റ്സ്മാന്മാരും അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പുറത്തായി. പിന്നീട് റോബിന് ബിഷ്ട്-രാജേഷ് ബിഷ്ണോയി സഖ്യം 63 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. വിഷ്ണു വിനോദിന്റെ കൈകളില്‍ ബിഷ്ണോയിയെ(35) എത്തിച്ച് സിജോമോന്‍ ജോസഫ് കേരളത്തിനു ഏറെ ആവശ്യമായ ബ്രേക്ക്ത്രൂ നല്കി. അതേ ഓവറില്‍ അശോക് മെനാരിയയെ(0) വിക്കറ്റിനു മുന്നില്‍ കുടുക്കി സിജോമോന്‍ തന്റെ രണ്ടാം വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial