
സീസണിലെ മൂന്നാം ജയം തേടി കേരളം നാളെ രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീരിനെ നേരിടും. തിരുവനന്തപുരം സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുക. കേരളത്തിന്റെ മൂന്നാമത്തെ ഹോം മത്സരമാണ് ഇത്. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെയും മൂന്നാം മത്സരത്തില്‍ രാജസ്ഥാനെയും കേരളം പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ഗുജറാത്തില്‍ ഗുജറാത്തിനോട് തോല്‍വി പിണഞ്ഞത് മാത്രമാണ് സീസണില്‍ ഇതുവരെ കേരളത്തിനു നേരിടേണ്ടി വന്ന തിരിച്ചടി.
ജലജ് സക്സേന തന്റെ ഏറ്റവും മികച്ച പ്രകടനമാണ് കേരളത്തിനു വേണ്ടി ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങുകയാണ് ഡേവ് വാട്മോറിന്റെ കീഴില്‍ കേരളത്തിനായി കളിക്കുന്ന ഈ മധ്യപ്രദേശുകാരന്. സഞ്ജു സാംസണും സച്ചിന് ബേബിയും റണ്‍ കണ്ടെത്തുന്നത് ടീമിനു തുണയായിട്ടുണ്ട്. നിലവില്‍ ഓപ്പണിംഗ് കൂട്ടുകെട്ടാണ് കേരളത്തിന്റെ പ്രധാന ദൗര്‍ബല്യം.
ബൗളര്‍മാരില്‍ യുവതാരം സിജോമോന്‍ ജോസഫിന്റെ മികവിലാണ് രാജസ്ഥാനെതിരെ കേരളത്തെ വിജയം നേടിയെടുക്കാന്‍ സഹായിച്ചത്. ജലജ് സക്സേനയും സന്ദീപ് വാര്യറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം പര്‍വേസ് റസൂല്‍ ഉള്‍പ്പെടുന്ന സ്ക്വാഡുമായാണ് കേരളത്തെ നേരിടാന്‍ ജമ്മു എത്തുന്നത്. നിലവില്‍ മൂന്ന് കളിയില്‍ നിന്ന് 12 പോയിന്റാണ് കേരളത്തിനുള്ളത്. സൗരാഷ്ട്രയ്ക്കും ഗുജറാത്തിനു പിന്നിലായി മൂന്നാം സ്ഥാനത്താണ് കേരളം. 3 പോയിന്റ് നേടിയ ജമ്മു കാശ്മീര്‍ ഗ്രൂപ്പ് ബിയില്‍ ആറാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial