രഞ്ജി ട്രോഫി: കേരളം പൊരുതുന്നു

- Advertisement -

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ കേരളം പൊരുതുന്നു. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ കേരളം ലഞ്ച് സമയത്ത് 81/4 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സില്‍ കേരളം 208 റണ്‍സിനു പുറത്തായപ്പോള്‍ ഗുജറാത്തിന്റെ ഇന്നിംഗ്സ് 307 റണ്‍സില്‍ അവസാനിച്ചു. 99 റണ്‍സ് ലീഡ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിനു മുഹമ്മദ് അസ്ഹറുദ്ദീനെ പൂജ്യത്തിനു നഷ്ടമായി.

ജലജ് സക്സേന(15), സഞ്ജു സാംസണ്‍(28) എന്നിവരെ പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ രോഹന്‍ പ്രേമിനെ റുജുല്‍ ഭട്ട് പുറത്താക്കി. 17 റണ്‍സുമായി സച്ചിന്‍ ബേബിയും 12 റണ്‍സ് നേടി അരുണ്‍ കാര്‍ത്തിക്കുമാണ് ക്രീസില്‍. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 18 റണ്‍സ് പിന്നിലാണ് കേരളം ഇപ്പോള്‍.

നേരത്തെ ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് 307 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ദിവസത്തെ സ്കോറായ 307/9 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിനു തലേ ദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ആയില്ല. 91 റണ്‍സ് നേടിയ ചിരാഗ് ഗാന്ധിയെ അക്ഷയ് ചന്ദ്രന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 99 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഗുജറാത്ത് മത്സരത്തില്‍ നേടിയത്.

കേരളത്തിനായി അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, നിധീഷ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement