കേരളത്തിനു ഇന്നിംഗ്സ് വിജയം സ്വന്തമാക്കാന്‍ നേടേണ്ടത് 5 വിക്കറ്റുകള്‍ കൂടി

Pic Courtesy : Kerala Cricket Association
- Advertisement -

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായ 181 റണ്‍സ് മറികടക്കാന്‍ ബാറ്റ് വീശുന്ന ഹരിയാനയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 61 റണ്‍സ് എടുക്കുന്നതിനിടെ ഹരിയാനയുടെ 5 മുന്‍ നിര വിക്കറ്റുകളാണ് നഷ്ടമായത്. കേരളത്തെ വീണ്ടും ബാറ്റ് ചെയ്യിക്കുന്നതിനായി 98 റണ്‍സ് കൂടി ഹരിയാന നേടേണ്ടത്. നോക്കൗട്ട് ലക്ഷ്യമാക്കി ഇന്നിംഗ്സ് ജയം സ്വന്തമാക്കാന്‍ കേരളത്തിനു 5 വിക്കറ്റുകള്‍ കൂടി സ്വന്തമാക്കിയാല്‍ മതി. രജത് പലിവാലിനൊപ്പം(25*) ഹരിയാന നായകന്‍ അമിത് മിശ്രയാണ് ക്രീസില്‍. മിശ്ര പുറത്താകാതെ 15 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഹരിയാന 83/5 എന്ന നിലയിലാണ്.

കേരളത്തിനായി ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റും സന്ദീപ് വാര്യര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ 203/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 70 റണ്‍സ് കൂടി നാലാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. നൈറ്റ് വാച്ച്മാന്‍ ബേസില്‍ തമ്പിയുടെ അര്‍ദ്ധ ശതകമായിരുന്നു കൂട്ടുകെട്ടിന്റെ പ്രത്യേക. എന്നാല്‍ 101ാം ഓവറില്‍ അമിത് മിശ്ര കേരളത്തിനു ഇരട്ട തിരിച്ചടി ഏല്പിക്കുകയായിരുന്നു. രോഹന്‍ പ്രേമിനെയും(93) റണ്ണൊന്നുമെടുക്കാതെ സച്ചിന്‍ ബേബിയെയും ഒരേ ഓവറില്‍ മിശ്ര മടക്കി. ബേസില്‍ തമ്പിയും(60) ഏറെ വൈകാതെ പുറത്തായപ്പോള്‍ കേരളം 258/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് മുഹമ്മദ് അസ്ഹറുദ്ദീന്‍(34), സല്‍മാന്‍ നിസാര്‍ (33) എന്നിവരും നിധീഷ് പുറത്താകാതെ നേടിയ 22 റണ്‍സിന്റെയും ബലത്തില്‍ 181 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡോടു കൂടി കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 389 റണ്‍സില്‍ അവസാനിച്ചു. അജിത് ചഹാല്‍ അഞ്ചും അമിത് മിശ്ര മൂന്നും വിക്കറ്റാണ് ഹരിയാനയ്ക്കായി വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement