70 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് നേടി വിദര്‍ഭ, കേരളത്തിന്റെ സെമി സാധ്യതകള്‍ മങ്ങുന്നു

- Advertisement -

നിര്‍ണ്ണായകമായ ആദ്യ ഇന്നിംഗ്സ് ലീഡ് വിദര്‍ഭ സ്വന്തമാക്കിയതോടെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ മങ്ങുന്നു. വിദര്‍ഭയുടെ 246 റണ്‍സ് പിന്തുടര്‍ന്ന കേരളം 176 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ദിവസം 32/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ വിദര്‍ഭയുടെ സ്കോറിനു 70 റണ്‍സ് പിന്നിലായി മാത്രമേ ഇന്നിംഗ്സ് അവസാനിപ്പിക്കാനായുള്ളു. 40 റണ്‍സ് നേടിയ ജലജ് സക്സേന കേരള നിരയില്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ജു സാംസണ്‍(32), രോഹന്‍ പ്രേം, സച്ചിന്‍ ബേബി എന്നിവര്‍ 29 റണ്‍സും നേടി പുറത്തായി. രജനീഷ് ഗുര്‍ബാനിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിനു തിരിച്ചടിയായത്.

രണ്ടാം ഇന്നിംഗ്സില്‍ വിദര്‍ഭ മികച്ച നിലയിലാണ് മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍. രണ്ടാം ഇന്നിംഗ്സില്‍ 77/1 എന്ന നിലയിലുള്ള വിദര്‍ഭ 147 റണ്‍സിന്റെ ലീഡാണ് കൈവശപ്പെടുത്തിയിട്ടുള്ളത്. 51 റണ്‍സുമായി ഫൈസ് ഫസല്‍, 7റണ്‍സ് നേടി അക്ഷയ് വഖാരെ എന്നിവരാണ് ക്രീസില്‍. രണ്ട് ദിവസം അവശേഷിക്കെ മികച്ചൊരു ബൗളിംഗ് പ്രകടനവും അതിനൊത്ത ബാറ്റിംഗ് പ്രകടനവും കേരളത്തിനു പുറത്തെടുക്കാനായാല്‍ മാത്രമേ ക്വാര്‍ട്ടര്‍ മത്സരം ജയിച്ച് കേരളത്തിനു സെമിയില്‍ കടക്കാനാകൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement