
ത്രിപുരയെ ഏഴ് വിക്കറ്റിനു തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. മുഹമ്മദ് അസ്ഹറുദ്ദീനു ഒരു റണ്‍സിനു ശതകം നഷ്ടമായി. 99 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ ബാറ്റിംഗ് മികവാണ് കേരളത്തിനെ ലക്ഷ്യത്തിലേക്ക് വേഗത്തിലെത്തിച്ചത്. വിജയം 32 റണ്‍സ് അകലെയെത്തിയപ്പോളാണ് കേരളത്തിനു ആദ്യ വിക്കറ്റ് നഷ്ടമായത്.
തൊട്ടടുത്ത് തന്നെ 47 റണ്‍സ് എടുത്ത ഓപ്പണര്‍ ഭവിന് താക്കറെ കേരളത്തിനു നഷ്ടമായി. 5 റണ്‍സെടുത്ത ജലജ് സക്സേനയെയും ഗുര്‍വീന്ദര്‍ പുറത്താക്കിയെങ്കിലും വിജയത്തിലേക്ക് അധികം റണ്‍സ് ഇല്ലാത്തത് കേരളത്തിനു തുണയായി. സല്മാന് നിസാറും(15*) സച്ചിന് ബേബിയും(9*) ചേര്‍ന്ന് ശേഷിച്ച റണ്ണുകള്‍ നേടി കേരളത്തിനെ വിജയത്തിലെത്തിക്കുകയായിരുന്നു.ത്രിപുരയ്ക്ക് വേണ്ടി ഗുരീന്ദര്‍ സിംഗാണ് രണ്ട് വിക്കറ്റുകളും നേടിയത്.
കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തില്‍ നിന്ന് ആറു പോയിന്റുകള്‍ സ്വന്തമാക്കിയ കേരളത്തിനു ആകെ 22 പോയിന്റുകളാണുള്ളത്.