ര‍ഞ്ജി ട്രോഫി: സമനിലയുമായി രക്ഷപ്പെട്ട് കേരളം

- Advertisement -

ഗോവയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം സമനിലയുമായി രക്ഷപ്പെട്ടു. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഗോവ 279/5 എന്ന നിലയിലായിരുന്നു. വിജയം 46 റണ്‍സ് അകലെ. മത്സരം അവസാനിക്കാറായപ്പോള്‍ വിക്കറ്റുകള്‍ വീഴ്ത്തി ഗോവയുടെ സ്കോറിംഗ് നിരക്ക് കുറയ്ക്കുന്നതില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് സാധിച്ചതാണ് ഗോവയെ വിജയം നേടുന്നതില്‍ നിന്ന് തടയാന്‍ കേരളത്തിനായത്.

326 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഗോവ 4 നു മുകളില്‍ റണ്‍റേറ്റുമായി മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ കേരളം തോല്‍വി ഭയന്നിരുന്നു. എന്നാല്‍ ആവശ്യത്തിനു ഓവറുകള്‍ ഇല്ലാത്തത് കേരളത്തിനു തുണയായി മാറുകയായിരുന്നു. ഗോവയുടെ നായകന്‍ സകുണ്‍ കമ്മത് 176 പന്തില്‍ നേടിയ 151 റണ്‍സാണ് വിജയപ്രതീക്ഷ നല്‍കിയത്. ഓപ്പണര്‍ സ്വപ്നില്‍ അസ്നോഡ്കറും(41) സ്നേഹലും(41) നായകന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ കമ്മത് പുറത്തായ ശേഷം ഗോവയുടെ ബാറ്റിംഗ് വേഗത കുറയുന്ന കാഴ്ചയാണ് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ കണ്ടത്. കേരളത്തിനു വേണ്ടി ഇക്ബാല്‍ അബ്ദുള്ള നാല് വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ കേരളം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 268/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹന്‍ പ്രേം(71), മുഹമ്മദ് അസ്ഹറുദ്ദീന്‍(68), ഇക്ബാല്‍ അബ്ദുള്ള(38) എന്നിവര്‍ പ്രധാന സ്കോറര്‍മാരായപ്പോള്‍ നാല് പന്തില്‍ നിന്നു 22 റണ്‍സ് നേടിയ ഫാബിദ് അഹമ്മദ് കൂറ്റനടികളിലൂടെ സ്കോറിംഗ് ഉയര്‍ത്തി. അഞ്ച് വിക്കറ്റ് നേടിയ എസ് എസ് ഭണ്ഡേക്കറാണ് ഗോവയുടെ ബൗളിംഗ് പ്രകടനത്തെ നയിച്ചത്.

ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിനു മൂന്ന് പോയിന്റും ഗോവയ്ക്ക് ഒരു പോയിന്റും ലഭിച്ചു. കേരളത്തിന്റെ ക്യാപ്റ്റന്‍ രോഹന്‍ പ്രേമാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement