രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിനു രണ്ട് വിക്കറ്റ് നഷ്ടം

- Advertisement -

വിദര്‍ഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 246 റണ്‍സ് പിന്തുടരാനിറങ്ങിയ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ 2 വിക്കറ്റുകളാണ് നഷ്ടമായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 8 റണ്‍സിനു നൈറ്റ് വാച്ച്മാന്‍ സന്ദീപ് വാര്യര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. ജലജ് സക്സേന(13*), രോഹന്‍ പ്രേം(5*) എന്നിരാണ് ക്രീസില്‍. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 32 റണ്‍സാണ് നേടിയിട്ടുള്ളത്. 7 ഓവറുകളാണ് കേരളം ആദ്യ ഇന്നിംഗ്സില്‍ ഇന്ന് നേരിട്ടത്.

200 റണ്‍സിനു താഴെ വിദര്‍ഭയെ ഓള്‍ഔട്ടാക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിദര്‍ഭയുടെ വാലറ്റം പിടിച്ചു നില്‍ക്കുകയായിരുന്നു. 95/6 എന്ന നിലയിലേക്ക് തകര്‍ന്ന വിദര്‍ഭയെ 246 റണ്‍സ് വരെ എത്തിക്കാനായ വിദര്‍ഭയുടെ വാലറ്റത്തിന്റെ ചെറുത്ത് നില്പിനെ അവസാനിപ്പിക്കാനായപ്പോള്‍ രണ്ടാം ദിവസത്തെ കളിയില്‍ ഏതാനും ഓവറുകള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളു. അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് വിദര്‍ഭയുടെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. അക്ഷയ് വാഖരേ-ലളിത് യാദവ് കൂട്ടുകെട്ട് അവസാന 53 റണ്‍സ് കൂട്ടുകെട്ട് വിദര്‍ഭയ്ക്ക് മാനസിക മുന്‍തൂക്കം നല്‍കുവാന്‍ ഏറെ സഹായകരമായി.

വിദര്‍ഭയ്ക്ക് വേണ്ടിയും അക്ഷയ് വിനോദ് വാഡ്കര്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാനാണ് അര്‍ദ്ധ ശതകം നേടി തിളങ്ങിയത്. 45/3 എന്ന നിലയില്‍ രണ്ടാം ദിവസം പുനരാരംഭിച്ച വിദര്‍ഭ 95/6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ആദിത്യ സര്‍വാതേ(36)-അക്ഷയ് വിനോദ് വാഡ്കര്‍ കൂട്ടുകെട്ട് നേടിയ 74 റണ്‍സ് കൂട്ടുകെട്ട് കുറച്ചേറെ നേരം കേരളത്തെ വട്ടംകറക്കിയിരുന്നു. സര്‍വാതേയെ പുറത്താക്കി അക്ഷയ് കെസി തന്നെ വീണ്ടും കേരളത്തിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. അക്ഷയ് വിനോദ് വാഡ്കര്‍(53) ആണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. അക്ഷയ് വഖാരെ പുറത്താകാതെ 27 റണ്‍സും ലലിത് ഉപാദ്ധ്യായ് 23 റണ്‍സും നേടി.

ആദ്യ ഇന്നിംഗ്സില്‍ 105.3 ഓവറുകളാണ് വിദര്‍ഭ ബാറ്റ് വീശിയത്. കേരളത്തിനായി അക്ഷയ് 5 വിക്കറ്റും ജലജ് സക്സേന മൂന്നും വിക്കറ്റ് വീഴ്ത്തി. നിധീഷ്, ബേസില്‍ തമ്പി എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement