
ആന്ധ്രയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ 36/4 എന്ന രീതിയില്‍ തകര്‍ന്ന കേരളത്തിന്റെ ബാറ്റിംഗ് നിരയ്ക്ക് രക്ഷയായി മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനം. ക്യാപ്റ്റന്‍ രോഹന് പ്രേമിനൊപ്പവും ഇക്ബാല്‍ അബ്ദുള്ളയോടു ചേര്‍ന്നും മികച്ച കൂട്ടുകെട്ട് പുറത്തെടുത്ത അസ്ഹറുദ്ദീന് കേരളത്തിനെ തരക്കേടില്ലാത്ത സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ ദിവസം അവസാനിച്ചപ്പോള്‍ കേരളം 188/8 എന്ന നിലയിലാണ്. ടോസ് നേടിയ ആന്ധ്ര ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍ ഭവിന് താക്കറെയാണ് കേരളത്തിനു ആദ്യം നഷ്ടമായത്. 7 റണ്‍സായിരുന്നു ഭവിന്റെ സ്കോര്‍. വിഷ്ണു വിനോദിനെ(6) പുറത്താക്കി കേരളത്തിനു രണ്ടാമത്തെ പ്രഹരം ആന്ധ്ര നല്കിയപ്പോള് സ്കോര്‍ 26/2. സ്ഥാനക്കയറ്റം ലഭിച്ച സച്ചിന് ബേബി(6)യാണ് പവലിയനിലേക്ക് അടുത്തതായി മടങ്ങിയത്. സഞ്ജു സാംസണ് പൂജ്യത്തിനു പുറത്തായപ്പോള്‍ കേരളം 36/4 എന്ന നിലയില്‍ തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ രോഹന് പ്രേമിനൊപ്പം(42) ചേര്‍ന്ന മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിന്റെ സ്കോര്‍ നൂറു കടത്തി. 107ല്‍ രോഹന് പ്രേം പുറത്തായെങ്കിലും ആറാം വിക്കറ്റില്‍ ഇക്ബാല്‍ അബ്ദുള്ളയുടെ(27) പിന്തുണയോടു കൂടി അസ്ഹറുദ്ദീന് കേരളത്തിനെ 150 കടത്തി.
ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിനു തൊട്ട് മുമ്പാണ് മുഹമ്മദ് അസ്ഹറുദ്ദിനെ കേരളത്തിനു നഷ്ടമായത്. 82 റണ്‍സെടുത്ത അസ്ഹറിനെ 90ാം ഓവറില്‍ പുറത്താക്കി പി വിജയ് കുമാര്‍ കേരളത്തിന്റെ എട്ടാം വിക്കറ്റ് വീഴ്ത്തിയത്. 4 റണ്‍സുമായി മോനിഷ് കാരപ്പറമ്പില്‍ ആണ് ക്രീസിലുള്ളത്. ആന്ധ്രയ്ക്കായി പി വിജയ് കുമാര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അയ്യപ്പ ഭണ്ഡാരുവും രവി തേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.