കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് നടരാജന്‍, അവസാന പ്രതീക്ഷ സഞ്ജുവില്‍

തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധം ഭേദിച്ച് ടി നടരാജന്‍. ആദ്യ സെഷനില്‍ സിജോമോന്‍ ജോസഫുമായി സഞ്ജു കേരളത്തിനെ കരകയറ്റുമെന്ന് തോന്നിച്ചുവെങ്കിലും രണ്ടാം സെഷനില്‍ 55 റണ്‍സ് നേടിയ സിജോയെ പുറത്താക്കി നടരാജന്‍ തമിഴ്നാടിനെ തിരികെ കൊണ്ടുവന്നു. അടുത്ത ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയും സച്ചിന്‍ ബേബി പൂജ്യത്തിനു പുറത്താകുകയും ചെയ്തതോടെ കേരളം കൂടുതല്‍ പ്രതിരോധത്തിലായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷും റണ്‍സ് സ്കോര്‍ ചെയ്യാതെ മടങ്ങി.

സഞ്ജു സാംസണ്‍ 77 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ 74 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ കേരളം 195 റണ്‍സ് നേടിയിട്ടുണ്ട്. സഞ്ജുവിനു കൂട്ടായി 14 റണ്‍സുമായി വിഷ്ണു വിനോദാണ് ക്രീസില്‍ നില്‍ക്കുന്നത്. മധ്യ നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായത് കേരളത്തിനു തിരിച്ചടിയായി മാറിയപ്പോള്‍ മത്സരത്തില്‍ പരാജയം ഒഴിവാക്കുവാന്‍ കേരളം ഒരു സെഷന്‍ അതിജീവിക്കേണ്ടതുണ്ട്. നാല് വിക്കറ്റുകളാണ് ടീമിന്റെ കൈവശമുള്ളത്.