കേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം

- Advertisement -

സൗരാഷ്ട്രയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ 62 റണ്‍സിന്റെ ലീഡാണ് കേരളത്തിന്റെ പക്കലുള്ളത്. 12 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് പുറത്തായ ബാറ്റ്സ്മാന്‍. 29 റണ്‍സുമായി ജലജ് സക്സേനയും 27 റണ്‍സുമായി രോഹന്‍ പ്രേമുമാണ് ക്രീസില്‍. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 225 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന സൗരാഷ്ട്ര 232 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു.

സിജോമോന്‍ ജോസഫ്(4 വിക്കറ്റ്), ബേസില്‍ തമ്പി എന്നിവരുടെ ബൗളിംഗ് മികവാണ് സൗരാഷ്ട്രയെ 232 റണ്‍സില്‍ പിടിച്ചുകെട്ടാന്‍ കേരളത്തെ സഹായിച്ചത്. സൗരാഷ്ട്ര ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിനു ശേഷമാണ് കേരളം മത്സരത്തിലേക്ക് തിരികെ എത്തിയത്. ആദ്യ വിക്കറ്റില്‍ 107 റണ്‍സാണ് ഓപ്പണര്‍മാര്‍ നേടിയത്. പിന്നീട് ബാറ്റിംഗ് തകര്‍ച്ച നേരിട്ട സൗരാഷ്ട്ര ഒരു ഘട്ടത്തില്‍ 178/7 എന്ന നിലയിലേക്ക് വീണു.

എട്ടാം വിക്കറ്റില്‍ നേടി 45 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ ലീഡ് തിരിച്ചു പിടിക്കാന്‍ സാധ്യമാക്കിയത്. ജയ്ദേവ് ഉനഡ്കട്-സിഎം ചൗഹാന്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് എന്ന മോഹങ്ങളെ ഇല്ലാതാക്കിയത്. ചൗഹാന്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്നു. റോബിന്‍ ഉത്തപ്പ 86 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി. സ്നെല്‍ എസ് പട്ടേല്‍ 49 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement