സെമി മോഹങ്ങളുമായി കേരളം, മറികടക്കേണ്ടത് വിദര്‍ഭയെ

- Advertisement -

കേരളത്തിനെ സംബന്ധിച്ച് തങ്ങളുടെ രഞ്ജി ചരിത്രത്തിലെ തന്നെ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട സീസണാണ്‍ ഈ കഴിഞ്ഞ് പോയത്. ഡേവ് വാട്ട്മോറിനു കീഴില്‍ അത്ഭുതങ്ങളാണ് കേരളം സൃഷ്ടിച്ചിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ അഞ്ച് ജയം സ്വന്തമാക്കിയ കേരളം പരാജയം ഏറ്റുവാങ്ങിയത് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ മാത്രം. സഞ്ജു സാംസണോടൊപ്പം ഓള്‍റൗണ്ട് മികവുമായി ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. സീസണില്‍ സഞ്ജു ആണ് കേരളത്തിന്റെ മികച്ച ബാറ്റിംഗ് താരമെങ്കില്‍ രണ്ടാം സ്ഥാനം ജലജ് സക്സേനയ്ക്കാണ്. ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ജലജ് സക്സേന. ബൗളിംഗില്‍ ബേസില്‍ തമ്പിയുടെ വരവ് ടീമിനു ഗുണം ചെയ്യുമെന്നത് തീര്‍ച്ചയാണ്. ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിച്ച ബേസിലിന്റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിച്ചിട്ടുണ്ടാകും എന്നത് ടീമിനെ മികച്ചതാക്കുവാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത സിജോ മോന്‍ ജോസഫും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരളത്തെ പോലെ ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിരകളായാണ് വിദര്‍ഭ ക്വാര്‍ട്ടര്‍ വരെ എത്തിയിട്ടുള്ളത്. മുതിര്‍ന്ന താരങ്ങളായ വസീം ജാഫര്‍, ഗണേഷ് സതീഷ് എന്നിവരുണ്ടെങ്കിലും സീസണിലെ മിന്നും താരങ്ങള്‍ ഓപ്പണര്‍മാരായ നായകന്‍ ഫൈസ് ഫസലും സഞ്ജയ് രാമസ്വാമിയുമാണ്. ഫസലും രാമസ്വാമിയുമാണ് വിദര്‍ഭയുടെ പ്രധാന സ്കോറര്‍മാര്‍. ബൗളിംഗില്‍ ഉമേഷ് യാദവിന്റെ സേവനം ടീമിനു ലഭിക്കില്ല എന്നത് തിരിച്ചടിയാണ്.

ഓപ്പണര്‍മാരെ പുറത്താക്കി വിദര്‍ഭയെ പ്രതിരോധത്തിലാക്കുക എന്ന കേരളത്തിന്റെ ലക്ഷ്യം സഫലമായാല്‍ രഞ്ജി സെമി എന്ന മോഹിപ്പിക്കുന്ന ഫലമാണ് കേരളത്തെ കാത്തിരിക്കുന്നത്. കാത്തിരിക്കാം നമുക്ക് പ്രാര്‍ത്ഥനയോടെ ആ മനോഹര നിമിഷത്തിനു സാക്ഷിയാകുവാന്‍ കഴിയട്ടെ എന്ന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement