
തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടില്‍ രഞ്ജി വിജയം നേടി കേരളം. രാജസ്ഥാനിനെതിരെയാണ് അവസാന ദിവസം കേരളം 131 റണ്‍സിന്റെ വിജയം നേടിയത്. കേരളത്തിനായി സിജോമോന്‍ ജോസഫ് അഞ്ച് വിക്കറ്റ് വീഴ്ത്തി രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങി. 343 റണ്‍സ് ലക്ഷ്യത്തിനായി ഇറങ്ങിയ രാജസ്ഥാന് 211 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
തുടക്കത്തില്‍ ഏറ്റ തിരിച്ചടികള്‍ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടുകെട്ടുമായി റോബിന് ബിഷ്ട്-മഹിപാല്‍ ലോംറോര്‍ കൂട്ടുകെട്ട് ചെറുത്ത് നിന്നുവെങ്കിലും 70 റണ്‍സ് നേടിയ റോബിനെ സിജോമോന്‍ ജോസഫ് വിക്കറ്റിനു മുന്നില്‍ കുടുക്കി. തേജീന്ദര്‍ ദില്ലണെയും പുറത്താക്കി സിജോ മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. തൊട്ടടുത്ത ഓവറില്‍ 53 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറിനെ സച്ചിന് ബേബിയുടെ കൈകളിലെത്തിച്ചു ജലജ് സക്സേന രാജസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ശേഷിക്കുന്ന വിക്കറ്റുകള്‍ ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ നേടിയപ്പോള്‍ രാജസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 83.4 ഓവറില്‍ 211 റണ്‍സിനു അവസാനിച്ചു. സിജോമോന്‍ അവസാന വിക്കറ്റ് വീഴ്ത്തി രാജസ്ഥാന് ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു.
സിജോമോന്‍ ജോസഫ് അഞ്ചും ജലജ് സക്സേന രണ്ടും വിക്കറ്റ് നേടി രണ്ടാം ഇന്നിംഗ്സില്‍ സന്ദീപ് വാര്യര്‍, നിധീഷ്, അരുണ്‍ കാര്‍ത്തിക് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
നേരത്തെ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ രാജസ്ഥാന് 95/4 എന്ന നിലയിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ അമിത്കുമാര്‍ ഗൗതമിനെ പുറത്താക്കി സന്ദീപ് വാര്യര്‍ കേരളത്തിനു മികച്ച തുടക്കം നല്കി. രണ്ടാം ഓവറില്‍ ദിഷാന്ത് യാഗ്നികിനെ പുറത്താക്കി നിധീഷ് കേരളത്തിനു രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു. ഇരു ബാറ്റ്സ്മാന്മാരും അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പുറത്തായി. പിന്നീട് റോബിന് ബിഷ്ട്-രാജേഷ് ബിഷ്ണോയി സഖ്യം 63 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. വിഷ്ണു വിനോദിന്റെ കൈകളില്‍ ബിഷ്ണോയിയെ(35) എത്തിച്ച് സിജോമോന്‍ ജോസഫ് കേരളത്തിനു ഏറെ ആവശ്യമായ ബ്രേക്ക്ത്രൂ നല്കി. അതേ ഓവറില്‍ അശോക് മെനാരിയയെ(0) വിക്കറ്റിനു മുന്നില്‍ കുടുക്കി സിജോമോന്‍ രാജസ്ഥാനെ കൂടുതല്‍ സമ്മര്ദ്ദത്തിലാക്കിയുരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial