ചരിത്രം കുറിച്ച് കേരളം, രഞ്ജി ട്രോഫിയുടെ അവസാന എട്ടിലേക്ക്

- Advertisement -

കേരളത്തിന്റെ രഞ്ജി ചരിത്രത്തിലെ ആദ്യ നോക്കൗട്ട് നേട്ടവുമായി കേരളം. ഡേവ് വാട്ട്മോറിന്റെ പരിശീലനത്തില്‍ പ്രൊഫഷണലിസത്തിന്റെ കുപ്പായം അണിഞ്ഞെത്തിയ കേരളത്തിന്റെ സീസണിലെ അഞ്ചാം ജയം ആണിത്. പരാജയപ്പെട്ടത് ഗുജറാത്തിനോട് മാത്രം. തിരുവനന്തപുരത്ത് നടന്ന നാല് മത്സരങ്ങളും വിജയിച്ച കേരളം വമ്പന്മാരായ സൗരാഷ്ട്രയെ കഴിഞ്ഞ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ തോല്പിച്ചിരുന്നു. ഇതാദ്യമായിട്ടാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്നത്. 96/97 സീസണില്‍ സൂപ്പര്‍ ലീഗിലും 95/96 സീസണിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനവുമാണ് ഇതിനു മുമ്പ് കേരളത്തിന്റെ മികച്ച പ്രകടനം.

ഹരിയാനയിലെ ലാഹ്‍ലിയില്‍ ഇന്ന് രഞ്ജി മത്സരത്തിന്റെ അവസാന ദിവസം കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഹരിയാന 173 റണ്‍സിനു ഓള്‍ഔട്ടായപ്പോള്‍ ഒരിന്നിംഗ്സിന്റെയും 8 റണ്‍സിന്റെയും വിജയമാണ് കേരളം സ്വന്തമാക്കിയത്. ഹരിയാനയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത് ജലജ് സക്സേന കേരളത്തിന്റെ പ്രതീക്ഷകളെ വീണ്ടും ഉണര്‍ത്തി. രജത് പലിവാല്‍(34) ആണ് പുറത്തായ ബാറ്റ്സ്മാന്‍. തൊട്ടടുത്ത ഓവറില്‍ ഹരിയാന നായകന്‍ അമിത് മിശ്രയും(40) മടങ്ങിയതോട് കേരളത്തിന്റെ ഇന്നിംഗ്സ് ജയ പ്രതീക്ഷ വീണ്ടും ഉണര്‍ന്നു.

ജലജ് സക്സേന, നിധീഷ് എന്നിവര്‍ മൂന്ന് വിക്കറ്റും ബേസില്‍ തമ്പി 2 വിക്കറ്റുമാണ് രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement