ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം

- Advertisement -

ആദ്യ ദിനം ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ കേരള ബാറ്റ്സ്മാന്മാര്‍ക്ക് മുതലാക്കാനാകാതെ വന്നപ്പോള്‍ ത്രിപുരയ്ക്കെതിരെ 20 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം. സികെ നായിഡു ട്രോഫി ടീമില്‍ നിന്ന് രഞ്ജി ടീമിലേക്കെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് കേരള നിരയില്‍ ചെറുത്ത് നില്പ് പുറത്തെടുത്തത്.

11/0 എന്ന നിലയില്‍ നിന്ന് രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു സ്കോറിനോട് 2 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ഭവിന്‍ താക്കറിനെ നഷ്ടമായി. സീസണില്‍ മികച്ച ഫോമിലായിരുന്ന ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെ പൂജ്യത്തിനു നഷ്ടമായപ്പോള്‍ കേരളത്തിന്റെ സ്ഥിതി പരുങ്ങലിലായി. മൂന്നാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്സേനയും(18) ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ 50 കടത്തി. എന്നാല്‍ സ്കോര്‍ 64ല്‍ നില്‍ക്കെ സക്സേനയെ നഷ്ടമായത് കേരളത്തിനു തിരിച്ചടിയായി. ഏറേ വൈകാതെ അസ്ഹറുദ്ദീനെയും (40) കേരളത്തിനു നഷ്ടമായി. അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും സഞ്ജു സാംസണിനു പകരം ടീമിലേക്കെത്തിയ സല്‍മാന്‍ നിസാറും ചേര്‍ന്ന് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും സല്‍മാന്‍ നിസാറിനെ കേരളത്തിനു നഷ്ടമായി. സ്കോര്‍ 127/5. 54 റണ്‍സാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും നേടിയത്. തൊട്ടുപുറകേ സച്ചിന്‍ ബേബിയെ നഷ്ടമായ കേരളത്തിന്റെ വാലറ്റത്തിനു അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഒരു വശത്ത് അക്ഷയ് ചന്ദ്രന്‍ ലീഡ് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. കേരളത്തിന്റെ ഇന്നിംഗ്സ് 193ല്‍ അവസാനിക്കുമ്പോള്‍ 36 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ത്രിപുരയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മുരാ സിംഗും മജൂംദാറും 4 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ റാണ ദത്തയും എഎ ഡേയും ചേര്‍ന്ന് നേടി.

രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ത്രിപുര 17/0 എന്ന നിലയിലാണ്. 13 റണ്‍സുമായി ബോസും 4 റണ്‍സുമായി ഘോഷുമാണ് ക്രീസില്‍.

Advertisement