മുന്‍തൂക്കം മുതലാക്കാനാകാതെ കേരളം, ഗോവയ്ക്കും ബാറ്റിംഗ് തകര്‍ച്ച

- Advertisement -

ആദ്യ ദിവസം ഭവിന്‍ താക്കര്‍ രോഹന്‍ പ്രേം എന്നിവരുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ 290/2 എന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിനു രണ്ടാം ദിവസം ഈ മുന്‍തൂക്കം മുതലാക്കാനായില്ല. മധ്യനിരയുടെ തകര്‍ച്ചയും വാലറ്റത്തിന്റെ വക ചെറുത്ത്നില്പൊന്നും ഇല്ലാത്തതിനാല്‍ കേരളം 342നു ഓള്‍ഔട്ട് ആവുകയായിരുന്നു. സഞ്ജു സാംസണ്‍ (35) സച്ചിന്‍ ബേബി(0) മുഹമ്മദ് അസഹറുദ്ദീന്‍ (8) എന്നിവരെ കേരളത്തിനു വേഗത്തില്‍ നഷ്ടമായി. രോഹന്‍ പ്രേം (130) പുറത്തായ ശേഷം കേരളത്തിന്റെ വാലറ്റത്തിനു കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല. ഇക്ബാല്‍ അബ്ദുള്ളയ്ക്ക്(20) മാത്രം രണ്ടക്ക സ്കോര്‍ കണ്ടെത്താനായി.

ഗോവയ്ക്ക് വേണ്ടി ആര്‍ ആര്‍ സിംഗ് 7 വിക്കറ്റ് നേടിയപ്പോള്‍ എസ് എസ് ഭണ്ഡേക്കര്‍ രണ്ടും ശദബ് ജകാതി ഒരു വിക്കറ്റും സ്വന്തമാക്കി.

ഓപ്പണര്‍മാര്‍ ഗോവയ്ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും സ്കോര്‍ 46ല്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഗോവയുടെ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ഗോവന്‍ ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും ലഭിച്ച തുടക്കം മികച്ച സ്കോറിലേക്ക് ഉയര്‍ത്താനായില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ സ്വപ്നില്‍ അസ്നോഡ്കറാണ് (33) നിലവില്‍ ഗോവയുടെ ടോപ് സ്കോറര്‍. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഗോവ 6 വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലാണ്. എസ് എസ് ഭണ്ഡേക്കര്‍ (22*) ശദബ് ജകാതി(19*) എന്നിവരാണ് ക്രീസില്‍.

കേരളത്തിനു വേണ്ടി വിനോദ് കുമാര്‍ സിവി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് വാര്യറും ഫാബിദ് അഹമ്മദും ഓരോ വിക്കറ്റ് നേടി. ഗോവയുടെ ദര്‍ശന്‍ മിസാല്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

Advertisement