ഹരിയാനയെ പിടിച്ചുകെട്ടി കേരളം

- Advertisement -

സന്ദീപ് വാര്യറും വിനോദ് കുമാറും ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ ദിനം കേരളത്തിനു മുന്‍തൂക്കം. ലാഹ്‍ലിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച രഞ്ജി മത്സരത്തില്‍ ഹരിയാന ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഞ്ച് വരെ മികച്ച നിലയിലായിരുന്ന ഹരിയാന ഉച്ചഭക്ഷണത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ പ്രതിരോധത്തിലാവുകയായിരുന്നു. ഓപ്പണര്‍മാരായ ഗുണ്ടാശ്വീര്‍ സിംഗ്, ശുഭം രോഹില്ല എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ആതിഥേര്‍ 94/1 എന്ന നിലയിലായിരുന്നു.

സ്കോര്‍ 66ല്‍ നില്‍ക്കെ ഗുണ്ടാശ്വീര്‍ സിംഗിനെയാണ്(40) ഹരിയാനയ്ക്ക് ആദ്യം നഷ്ടമായത്. ജലജ് സക്സേനയാണ് കേരളത്തിനു നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ നല്‍കിയത്. ഉച്ച ഭക്ഷണത്തിനു ശേഷം രണ്ടാം ഓവറില്‍ ശുഭം രോഹില്ലയും(36) മടങ്ങി. വിനോദ് കുമാറിനായിരുന്നു വിക്കറ്റ്. തന്റെ അടുത്ത ഓവറില്‍ തന്നെ ചൈതന്യ ബിഷ്ണോയിയെ പുറത്താക്കി വിനോദ് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. പിന്നീട് രജത് പലിവാല്‍(45), അമിത് മിശ്ര(31*) എന്നിവരുടെ ഭാഗത്ത് നിന്ന് ചെറുത്ത് നില്പുമായി ഹരിയാന പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരളം സമ്മര്‍ദ്ദം ചെലുത്തി.

സന്ദീപ് വാര്യര്‍ മൂന്നും, വിനോദ് കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എംഡി നിധീഷ്, ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement