
വേഗതയില്ലാത്ത പിച്ചില്‍ വേഗതയില്ലാത്ത ബാറ്റിംഗ് പ്രകടനവുമായി നിര്‍ണ്ണായക മത്സരത്തില്‍ കേരളം. ഹരിയാനയ്ക്കെതിരെ വിജയം അനിവാര്യമായ മത്സരത്തില്‍ കേരള ബൗളര്‍മാര്‍ ഹരിയാനയെ 208 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളത്തിനു മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ ബാറ്റ്സ്മാന്മാര്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായോ എന്നുള്ളത് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. വെറും 3 വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ദിവസം അവസാനിപ്പിക്കാനായെങ്കിലും കേരളത്തിന്റെ ബാറ്റിംഗിനു വേഗത പോരായിരുന്നു എന്നതാണ് സത്യം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 203/3 എന്ന നിലയിലാണ്. 85 ഓവറുകളില്‍ നിന്ന് 2.39 എന്ന റണ്‍ റേറ്റിലാണ് കേരളം രണ്ടാം ദിവസം സ്കോറിംഗ് നടത്തിയത്.
206/8 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഹരിയാനയ്ക്ക് രണ്ട് റണ്‍സ് കൂടിയെ നേടാനായുള്ളു. കേരളത്തിനും ആദ്യ വിക്കറ്റ് എളുപ്പത്തില്‍ നഷ്ടമായെങ്കിലും ജലജ് സക്സേന(91)-രോഹന് പ്രേം കൂട്ടുകെട്ട് മെല്ലെയെങ്കിലും കൂടുതല്‍ നഷ്ടമില്ലാതെ കേരളത്തിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 172 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ജലജ് സക്സേന ശതകത്തിനു 9 റണ്‍സ് അകലെ പുറത്താകുകയായിരുന്നു. രണ്ടാം ദിവസം അവസാനത്തോടടുക്കുമ്പോളാണ് കേരളത്തിനു ജലജിനെ നഷ്ടമായത്. ഏറെ വൈകാതെ സഞ്ജു സാംസണെയും കേരളത്തിനു നഷ്ടമായി. 16 റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന.
രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രോഹന് പ്രേമും(79*) റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് ബേസില്‍ തമ്പിയുമാണ് ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial