
ആന്ധ്രയ്ക്കെതിരെ കേരളത്തിനു സമനില. ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ മത്സരത്തില്‍ നിന്ന് ആന്ധ്രയ്ക്ക് മൂന്ന് പോയിന്റും കേരളത്തിനു 1 പോയിന്റും ലഭിച്ചു. കേരളം ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആന്ധ്ര 4 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന നിലയിലായിരുന്നപ്പോളാണ് നാലാം ദിവസത്തെ കളി അവസാനിക്കുന്നത്.
തലേ ദിവസത്തെ സ്കോറായ 228/5 ല്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു ഇക്ബാല്‍ അബ്ദുള്ളയെ നഷ്ടമായെങ്കിലും 55 പന്തില്‍ 60 റണ്‍സ് നേടിയ സച്ചിന് ബേബിയുടെ മികച്ച ഇന്നിംഗ്സ് സ്കോര്‍ 300 കടത്താന്‍ കേരളത്തെ സഹായിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ സച്ചിന് ബേബിക്ക് മികച്ച പിന്തുണയാണ് 19 റണ്‍സ് നേടിയ വിനോദ് കുമാര്‍. കേരളം രണ്ടാം ഇന്നിംഗ്സ് 302/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഇരുവരും പുറത്താകാതെ നില്‍ക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലും ആന്ധ്ര ബൗളിംഗ് നിരയില്‍ പി വിജയ കുമാര്‍ ആണ് തിളഞ്ഞിയത്. മൂന്ന് വിക്കറ്റുകളാണ് വിജയ കുമാര്‍ സ്വന്തമാക്കിയത്.
സ്കോര്‍ 30 എത്തിയപ്പോളെക്കും രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഓപ്പണര്‍ കെഎസ് ഭരത്തും ക്യാപ്റ്റന്‍ ഹനുമന വിഹാരിയും ചേര്‍ന്ന് ആന്ധ്രയെ കൂടുതല്‍ നഷ്ടങ്ങളൊന്നുമില്ലാതെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 73 റണ്‍സെടുത്ത ഭരത് പുറത്താകുമ്പോള്‍ ആന്ധ്രയുടെ സ്കോര്‍ 138/3 എന്നായിരുന്നു. വേഗത്തില്‍ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച റിക്കി ഭുയി 52 പന്തില്‍ 44 റണ്‍സ് നേടി പുറത്തായപ്പോള്‍ ആന്ധ്രയുടെ നാലാം വിക്കറ്റ് വീണു. 224 പന്തുകള്‍ നേരിട്ട് 53 റണ്‍സ് നേടിയ ആന്ധ്ര ക്യാപ്റ്റന്‍ ഹനുമന വിഹാരി പുറത്താകാതെ നില്‍ക്കുകയായിരുന്നു.