ആദ്യ വിജയം കേരളത്തിനു കൈപ്പിടിയകലെ

- Advertisement -

രഞ്ജി സീസണിലെ ആദ്യ വിജയത്തിനരികില്‍ കേരളം. ത്രിപുരയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 117/0 എന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സില്‍ ത്രിപുരയെ 162 റണ്‍സിനു പുറത്താക്കി ബൗളര്‍മാരാണ് കേരളത്തിന്റെ വിജയ സാധ്യത ഒരുക്കിയത്. അവസാന ദിവസമായ നാളെ കേരളത്തിനു വിജയിക്കാനായി 66 റണ്‍സ് നേടിയാല്‍ മതി. പത്ത് വിക്കുറ്റുകളും കൈയ്യിലുണ്ട്.

ത്രിപുര നിരയില്‍ എസ്‍കെ പട്ടേല്‍ (54) മാത്രമാണ് ചെറുത്ത് നില്പ് പ്രകടിപ്പിച്ചത്. ഓപ്പണര്‍മാരായ ഘോഷും(25) ബോസും(23) 42 റണ്‍സ് പാര്‍ട്ണര്‍ഷിപ്പോടു കൂടി മികച്ച തുടക്കം നല്‍കിയെങ്കിലും ബോസ് പുറത്തായതോടു കൂടി ത്രിപുരയുടെ പതനം ആരംഭിക്കുകയായിരുന്നു. വിക്കറ്റുകള്‍ ഒരു വശത്ത് വീണു കൊണ്ടിരിക്കുമ്പോളും എസ്‍കെ പട്ടേല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടിയ അക്ഷയ് ചന്ദ്രനായിരുന്നു പട്ടേലിനെ പുറത്താക്കിയത്. ഇക്ബാല്‍ അബ്ദുള്ള മൂന്ന് വിക്കറ്റ് നേടി അക്ഷയ് ചന്ദ്രന് മികച്ച പിന്തുണ നല്‍കി.

കേരളത്തിനു വേണ്ടി ഓപ്പണര്‍മാരായ ഭവിന്‍ താക്കറും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് വേഗതയേറിയ തുടക്കമാണ് നല്‍കിയത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12ാം ഓവറില്‍ 50 റണ്‍സും 23ാം ഓവറില്‍ നൂറ് റണ്‍സും കേരളം കടന്നു. മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു കൂട്ടത്തില്‍ കൂടുതല്‍ ആക്രമണകാരി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 98 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 76 പന്തില്‍ 37 റണ്‍സാണ് ഭവിനിന്റെ സംഭാവന.

Advertisement