കര്‍ണ്ണാടകയ്ക്ക് 198 റണ്‍സ് വിജയലക്ഷ്യം

Aditya Sarwate
- Advertisement -

രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ വിദര്‍ഭയയുടെ രണ്ടാം ഇന്നിംഗ്സ് 313 റണ്‍സില്‍ അവസാനിച്ചു. 198 റണ്‍സ് വിജയ ലക്ഷ്യമാണ് വിദര്‍ഭ കര്‍ണ്ണാടകയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. തലേ ദിവസത്തെ സ്കോറായ 195/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭ 222/4 എന്ന നിലയില്‍ നിന്ന് 228/7 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഗണേഷ് സതീഷ്(81), അക്ഷയ് വിനോദ് വാഡ്കര്‍(28) എന്നിവരെ എളുപ്പത്തില്‍ നഷ്ടമായ വിദര്‍ഭയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് ആദിത്യ സര്‍വാതേയുടെ അര്‍ദ്ധ ശതകമാണ്. വാലറ്റത്തോടൊപ്പം പിടിച്ച് നിന്ന് സര്‍വാതേ(55) ആണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്. വിദര്‍ഭ ഇന്നിംഗ്സ് അവസാനിച്ചതോടെ നാലാം ദിവസത്തെ ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുകയായിരുന്നു.

വാലറ്റത്തോടൊപ്പം പൊരുതി നേടിയ അര്‍ദ്ധ ശതകവുമായി സര്‍വാതേ ടീം സ്കോര്‍ 300 കടത്തുകയായിരുന്നു. കര്‍ണ്ണാടകയ്ക്കായി സ്റ്റുവര്‍ട്ട് ബിന്നി , വിനയ് കമാര്‍ എന്നിവര്‍ മൂന്നും ശ്രീനാഥ് അരവിന്ദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അഭിമന്യു മിഥുന്‍, ശ്രേയസ് ഗോപാല്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement