മുംബൈയ്ക്ക് ഇന്നിംഗ്സ് തോല്‍വി, കര്‍ണ്ണാടക രഞ്ജി സെമിയില്‍

കര്‍ണ്ണാടകയ്ക്കെതിരെ ഇന്നിംഗ്സിനും 20 റണ്‍സിനും പരാജയം ഏറ്റുവാങ്ങി മുംബൈ. ഇതോടെ രഞ്ജി ട്രോഫി സെമി ഫൈനലില്‍ കയറുന്ന ആദ്യ ടീമായി കര്‍ണ്ണാടക. തന്റെ ആദ്യ ഇന്നിംഗ്സിലെ ബൗളിംഗ് പ്രകടനത്തിനു വിനയ് കുമാര്‍ ആണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം മുംബൈ പുറത്തെടുത്തുവെങ്കിലും ആദ്യ ഇന്നിംഗ്സിലെ പാളിച്ച ടീമിനു തിരിച്ചടിയായി. രണ്ടാം ഇന്നിംഗ്സില്‍ 377 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. നേരത്തെ കര്‍ണ്ണാടക ആദ്യ ഇന്നിംഗ്സില്‍ 570 റണ്‍സ് നേടിയിരുന്നു.

120/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച മുംബൈയ്ക്ക് വേണ്ടി സൂര്യ കുമാര്‍ 108 റണ്‍സ് നേടി. ശിവം ദുബേ 71 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ആകാശ് പര്‍കര്‍ 65 റണ്‍സ് നേടി പുറത്തായി. കൃഷ്ണപ്പ ഗൗതം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി മുംബൈയുടെ അന്തകനാകുകയായിരുന്നു. വിനയ് കുമാര്‍ രണ്ടാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നേടി മത്സരത്തിലെ തന്റെ വിക്കറ്റ് നേട്ടം എട്ടാക്കിയിരുന്നു.

മുംബൈ 173, 377
കര്‍ണ്ണാടക 570

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial