ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഗുജറാത്ത്

- Advertisement -

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഗുജറാത്ത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഗുജറാത്ത് 307/9 എന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 208ലും 99 റണ്‍സ് അധികം ആതിഥേയര്‍ നേടിയിട്ടുണ്ട്. ഓപ്പണര്‍ എസ്ബി ഗോഹില്‍, ചിരാഗ് ഗാന്ധി എന്നിവരുടെ ബാറ്റിംഗ് മികവാണ് ഗുജറാത്തിനെ ലീഡ് നേടുവാന്‍ സഹായിച്ചത്. ചിരാഗ് ഗാന്ധി 91 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. റണ്ണൊന്നുമെടുക്കാതെ എസ്എ ദേശായി കൂട്ടിനു ഉണ്ട്.

60/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്ത് മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂടി നേടി. 33 റണ്‍സ് നേടിയ ചിന്തന്‍ ഗജയെ ആണ് ആതിഥേയര്‍ക്ക് രണ്ടാം ദിവസം ആദ്യം നഷ്ടമായത്. പാര്‍ത്ഥിവ് പട്ടേലിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കി ജലജ് സക്സേന ദിവസത്തെ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. 164/6 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ റുജുല്‍ ഭട്ട്(44)-ചിരാഗ് ഗാന്ധി കൂട്ടുകെട്ടാണ് ലീഡ് നേടി കൊടുത്തത്. 44 റണ്‍സ് നേടിയ റുജുലിനെയും ജലജ് സക്സേന പുറത്താക്കുമ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 254 റണ്‍സ് ആയിരുന്നു.

കേരളത്തിനായി ജലജ് സക്സേന, നിധീഷ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. അക്ഷയ് ചന്ദ്രന്‍ രണ്ടും, സിജോമോന്‍ ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement