ഗുജറാത്തിനു തകര്‍ച്ച, ഇന്നിംഗ്സ് ലീഡ് വഴങ്ങുവാന്‍ സാധ്യത

- Advertisement -

ബംഗാള്‍ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 354 റണ്‍സ് പിന്തുടരാനിറങ്ങിയ ഗുജറാത്തിനു ബാറ്റിംഗ് തകര്‍ച്ച. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 180/6 എന്ന നിലയിലാണ്. ലീഡ് പിടിക്കുവാന്‍ 175 റണ്‍സ് കൂടി ഗുജറാത്ത് നേടേണ്ടതുണ്ട്. നിലവിലെ സ്ഥിതിയില്‍ അതിനുള്ള സാധ്യത വളരെ വിരളമാണ്. റുജുല്‍ ഭട്ട്(13*), പിയൂഷ് ചൗള(22*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

261/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗാള്‍ രണ്ടാം ദിവസം 93 റണ്‍സ് കൂടി നേടുകയുണ്ടായി. അമീര്‍ ഗാനി(49), ബോഡുപല്ലി അമിത്(36) എന്നിവരാണ് സ്കോര്‍ 300 കടക്കാന്‍ ബംഗാളിനെ സഹായിച്ചത്. ഗുജറാത്തിനായി ഈശ്വര്‍ ചൗധരി അഞ്ചും ചിന്തന്‍ ഗജ മൂന്നും വിക്കറ്റ് വീഴ്ത്തി.

ഇഷാന്‍ പോറെലും ബോഡുപല്ലി അമിതും ബൗളിംഗില്‍ ബംഗാളിനു വേണ്ടി തിളങ്ങിയപ്പോള്‍ ഗുജറാത്തിന്റെ നില ദയനീയമാവുകയായിരുന്നു. ഓപ്പണര്‍മാരെ എളുപ്പത്തില്‍ നഷ്ടമായ ടീമിന്റെ തുണയ്ക്കെത്തിയത് ഭാര്‍ഗവ് മെരായി(67), പാര്‍ത്ഥിവ് പട്ടേല്‍(47) എന്നിവരാണ്. ഇരുവരുടെയും ചെറുത്ത് നില്പ് ബംഗാള്‍ അവസാനിപ്പച്ചതോടെ 124/2 എന്ന നിലയില്‍ നിന്ന് ഗുജറാത്ത് 144/6 എന്ന നിലയിലേക്ക് വീണു. നിലവില്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 36 റണ്‍സാണ് ഗുജറാത്തിന്റെ അവസാന പ്രതീക്ഷയായി നിലനില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement