ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരം

- Advertisement -

ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരമെന്ന് വിദര്‍ഭയുടെ മിന്നും താരം രജനീഷ് ഗുര്‍ബാനി. കര്‍ണ്ണാടകയ്ക്കെതിരെ ചരിത്ര വിജയം കുറിച്ച് തങ്ങളുടെ കന്നി രഞ്ജി ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടിയ വിദര്‍ഭയുടെ ഏറ്റവും മികവാര്‍ന്ന പ്രകടനത്തിന്റെ ഉടമയാണ് ഇന്ത്യന്‍ താരം ഉമേഷ് യാദവിനൊപ്പം ന്യൂ ബോള്‍ ബൗളിംഗ് സാധ്യമായത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് അഭിപ്രായപ്പെട്ടത്. ഇരു ഇന്നിംഗ്സുകളിലായി 12 വിക്കറ്റുകള്‍ വീഴ്ത്തി ഗുര്‍ബാനിയാണ് വിദര്‍ഭയെ ഫൈനലിലേക്ക് എത്തിച്ചത്.

198 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ കര്‍ണ്ണാടകയ്ക്കെതിരെ 5 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ വിദര്‍ഭയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റാണ് ഗുര്‍ബാനി നേടിയത്. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് മത്സരത്തിലേക്ക് വിദര്‍ഭ തിരിച്ചെത്തിയത്. കേരളത്തിനെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും ഗുര്‍ബാനിയുടെ മികവിലാണ് വിദര്‍ഭ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ചെറിയ സ്കോറിനു പുറത്തായെങ്കിലും കേരളത്തിനെതിരെ ലീഡ് നേടാന്‍ വിദര്‍ഭയ്ക്കായിരുന്നു.

താന്‍ മാതൃകയാക്കുന്ന താരമാണ് ഉമേഷ് യാദവെന്നും ഉമേഷിനോടൊപ്പം ബൗള്‍ ചെയ്യുമ്പോള്‍ വളരെ ആശ്വാസം തോന്നുമെന്നും താരം അറിയിച്ചു. ഉമേഷ് യാദവ് എപ്പോളും തന്നെയും മറ്റു ടീമംഗങ്ങളെയും സഹായിക്കാനായി മുന്നിട്ടിറങ്ങാറുണ്ടെന്നും ഗുര്‍ബാനി പറഞ്ഞു. ഡിസംബര്‍ 29നു ഇന്‍ഡോറിലാണ് ഡല്‍ഹിയുമായി വിദര്‍ഭയുടെ രഞ്ജി ട്രോഫി ഫൈനല്‍ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement