മധ്യ പ്രദേശിന്റെ ലീഡ് മറികടക്കാനായി ഡല്‍ഹി, മികച്ച തുടക്കം

- Advertisement -

മധ്യ പ്രദേശ് നേടിയ 338 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാനുറച്ച് ഡല്‍ഹി. രഞ്ജി ക്വാര്‍ട്ടര്‍ മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഡല്‍ഹി 2 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയിട്ടുള്ളത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരത്തില്‍ ലീഡ് ഡല്‍ഹിയ്ക്ക് നേടുവാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 158 റണ്‍സ് പിന്നിലാണെങ്കിലും ഡല്‍ഹിയുടെ കുനാല്‍ ചന്ദേല(73*), നിതീഷ് റാണ(17*) ക്രീസില്‍ നില്‍ക്കുന്നത് ടീമിനു ഏറെ ഗുണം ചെയ്യും. ഗൗതം ഗംഭീര്‍(6), ദ്രുവ് ഷോരേ(78) എന്നിവരാണ് പുറത്തായത്.

നേരത്തെ 223/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച മധ്യ പ്രദേശിനായി ഹര്‍പ്രീത് സിംഗ് 107 റണ്‍സ് നേടി പുറത്താകാതെ നിന്നു. 35 റണ്‍സുമായി പുനീത് ദാത്തേ ഹര്‍പ്രീതിനു മികച്ച പിന്തുണ നല്‍കിയെങ്കിലും ഇരുവരുടെയും കൂട്ടുകെട്ട് തകര്‍ത്ത ശേഷം ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കി. ഡല്‍ഹി നിരയില്‍ മനന്‍ ശര്‍മ്മ നാലും വികാസ് മിശ്ര മൂന്നും വിക്കറ്റ് നേടിയപ്പോള്‍ നവദീപ് സൈനി രണ്ട് വിക്കറ്റിനുടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement