രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനവുമായി ഡല്‍ഹി, ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ചെറുത്ത് നില്പ് തകര്‍ത്ത് സച്ചിന്‍ ബേബി

കേരളത്തിനെതിരെ 383 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍മാരായ അനുജ് റാവത്തും കുണാല്‍ ചന്ദേലയും ഒന്നാം വിക്കറ്റില്‍ 130 റണ്‍സുമായി ഡല്‍ഹിയെ പരാജയത്തില്‍ നിന്ന് രക്ഷിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് പാര്‍ട് ടൈം ബൗളറായ സച്ചിന്‍ ബേബി കൂട്ടുകെട്ട് തകര്‍ത്തത്.

103 പന്തില്‍ നിന്ന് 87 റണ്‍സ് നേടിയ അനുജ് റാവത്തിനെയാണ് സച്ചിന്‍ ബേബി പുറത്താക്കിയത്. 10 ഫോറും 3 സിക്സും ആണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഡല്‍ഹി 142/1 എന്ന നിലയിലാണ്.  ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹി ഓള്‍ഔട്ട് ആയ അതേ സ്കോറാണ് ഇത്. മത്സരത്തില്‍ കേരളത്തിന് 241 റണ്‍സിന്റെ ലീഡാണ് ഇപ്പോളുള്ളത്. 51 റണ്‍സ് നേടിയ കുണാല്‍ ചന്ദേലയാണ് ഡല്‍ഹി പ്രതീക്ഷയായി ക്രീസിലുള്ളത്. ഒപ്പം ക്യാപ്റ്റന്‍ ധ്രുവ് ഷോറെയും ക്രീസില്‍ നില്‍ക്കുന്നു.