വരൂ, കാണൂ, കയ്യടിക്കൂ, സഞ്ജു സാംസണ് വേണ്ടി

Credits: Kerala Cricket Association/FB Page

ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ ഇന്നിംഗ്സ് അവസാനിച്ചുവെന്നാണ് ഏവരും കരുതിയത്. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിടെ കൈവിരലിനു പൊട്ടലേറ്റ സഞ്ജു ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നില്ല. സമാനമായ സ്ഥിതിയില്‍ പതിനൊന്നാമനായി സഞ്ജു ഇറങ്ങുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

സ്കോര്‍ 163ല്‍ നില്‍ക്കെ സഞ്ജു ക്രീസിലെത്തി, തന്റെ പൊട്ടലേറ്റ വിരലുമായി. ഒറ്റക്കൈ കൊണ്ട് 9 പന്തുകള്‍ നേരിടുകയും ചെയ്തു. കേരളത്തിനു നിര്‍ണ്ണായകമായ റണ്ണുകള്‍ നേടുകയെന്ന വലിയ ആവശ്യത്തിനു വേണ്ടിയാണ് സഞ്ജു തന്റെ പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയത്. മറുവശത്ത് 36 റണ്‍സ് നേടി നില്‍ക്കുകയായിരുന്ന ജലജ് സക്സേന വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നുണ്ടായിരുന്നു.

എന്നാല്‍ ദിവസത്തെ അവസാന ഓവറില്‍ അക്സര്‍ പട്ടേല്‍ സഞ്ജുവിനെ പുറത്താക്കുമ്പോള്‍ കേരളം എട്ട് റണ്‍സ് കൂടിയാണ് അവസാന വിക്കറ്റില്‍ നേടിയത്. എട്ട് റണ്‍സും നേടിയത് ജലജ് സക്സേനയായിരുന്നുവെങ്കിലും റണ്ണൊന്നും നേടാനാകില്ലെന്ന തികഞ്ഞ ബോധമുണ്ടായിട്ടും ക്രീസില്‍ എത്തിയ സഞ്ജുവിനു ഒരു വലിയ കൈയ്യടി ആര്‍ഹിക്കുന്നു.

മത്സരം മൂന്നാം ദിവസത്തേക്ക് എത്തിക്കുകയും കുറച്ച് കൂടി റണ്‍സ് നേടി കേരളത്തിന്റെ ലീഡ് വര്‍ദ്ധിപ്പിക്കു എന്ന ലക്ഷ്യവും സാധ്യമായില്ലെങ്കിലും ഈ പോരാട്ട വീര്യം സഞ്ജുവിനെ വലിയൊരു സല്യൂട്ടിനു അര്‍ഹനാക്കുന്നു. ആ സല്യൂട്ട് നാളെ കേരളത്തിനു വിജയം സമ്മാനിച്ച് കേരള ടീമംഗള്‍ സഞ്ജുവിനുള്ള സ്നേഹ സമ്മാനമായി നല്‍കട്ടേയെന്ന് ആശംസിക്കുന്നു.