ആന്ധ്രയ്ക്ക് നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്

- Advertisement -

കേരളത്തിനെതിരെ 7 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി ആന്ധ്ര. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെയും ഓപ്പണര്‍ ഭവിന്‍ ജെ താക്കറിന്റെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കേരളം മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം 228/5 എന്ന നിലയിലാണ്. 17 റണ്‍സുമായി സച്ചിന്‍ ബേബിയും 1 റണ്‍സെടുത്ത ഇക്ബാല്‍ അബ്ദുള്ളയുമാണ് ക്രീസില്‍.

173/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആന്ധ്ര ഇന്നിംഗ്സ് 226 റണ്‍സിനു അവസാനിക്കുകയായിരുന്നു. 62 റണ്‍സെടുത്ത റിക്കി ഭുയി ആണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഓപ്പണര്‍ പ്രശാന്ത് കുമാറും 61 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. കേരളത്തിനു വേണ്ടി ഇക്ബാല്‍ അബ്ദുള്ളയും ബേസില്‍ തമ്പിയും 3 വിക്കറ്റ് വീതം നേടിയപ്പോള്‍ വിനോദ് കുമാറും രോഹന്‍ പ്രേമും രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളത്തിനു തുടക്കത്തില്‍ ഓപ്പണര്‍ വിഷ്ണു വിനോദിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമും ഭവിന്‍ താക്കറും ചേര്‍ന്ന് കര കയറ്റുകയായിരുന്നു. ഭവിന്‍ താക്കര്‍ പുറത്താകുമ്പോളേക്കും ഇരുവരും ചേര്‍ന്ന് 69 റണ്‍സ് ചേര്‍ത്തിരുന്നു. രണ്ടാം ഇന്നിംഗ്സിലും സഞ്ജു സാംസണ്‍ പരാജയപ്പെട്ടപ്പോള്‍ കേരളം 94/3 എന്ന നിലയിലായിരുന്നു. എന്നാല്‍ ക്യാപ്റ്റനൊപ്പം ചേര്‍ന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ കേരളം മികച്ച സ്കോറിലേക്ക് കുതിച്ചു. കേരളത്തിന്റെ സ്കോര്‍ 200ല്‍ നില്‍ക്കെയാണ് 88 റണ്‍സെടുത്ത രോഹന്‍ പ്രേം പുറത്തായത്. സച്ചിന്‍ ബേബി മികച്ച ശരാശരിയില്‍ റണ്‍റേറ്റ് ഉയര്‍ത്തിയെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീനെ (36) പുറത്താക്കി ആന്ധ്ര കേരളത്തിന്റെ റണ്‍വേട്ടയ്ക്ക് തടയിട്ടു.

ആന്ധ്രയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ വിജയകുമാര്‍ മൂന്നും കെവി ശശികാന്ത് ഭാര്‍ഗവ് ഭട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement