മികച്ച തുടക്കം മുതലാക്കാനാകാതെ ആന്ധ്ര

- Advertisement -

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം തുടരാനാകാതെ ആന്ധ്രയുടെ മധ്യനിര തകര്‍ന്നപ്പോള്‍ രണ്ടാം ദിവസത്തെ കളിയുടെ അവസാനം ആന്ധ്ര 173/6 എന്ന നിലയിലാണ്. കേരളം നേടിയ 219 റണ്‍സിനു മറുപടിയായി ഇന്നിംഗ്സ് ആരംഭിച്ച ആന്ധ്ര ഒരു സമയത്ത് 81/0 എന്ന നിലയിലായിരുന്നു.

ആദ്യ ദിവസത്തെ സ്കോറായ 188/8 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 219 നു ഓള്‍ഔട്ട് ആവുകയായിരുന്നു. 14 റണ്‍സെടുത്ത മോനിഷ് കാരപ്പറമ്പിലും 15 റണ്‍സെടുത്ത ബേസില്‍ തമ്പിയും ചേര്‍ന്നാണ് കേരളത്തിന്റെ സ്കോര്‍ 200 കടത്തിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യര്‍ ക്രീസിലുണ്ടായിരുന്നു. ഭാര്‍ഗവ് ഭട്ടാണ് കേരളത്തിന്റെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

ഓപ്പണര്‍മാരായ കെഎസ് ഭരത്തും പ്രശാന്ത് കുമാറും ചേര്‍ന്ന് മികച്ച തുടക്കമാണ് ആന്ധ്രയ്ക്ക് നല്‍കിയത്. ഭരത് തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ചപ്പോള്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ആന്ധ്ര എത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഭരതിനെ (54) പുറത്താക്കി ഇക്ബാല്‍ അബ്ദുള്ള കേരളത്തിനു ബ്രേക്ക്ത്രൂ നല്‍കി. സ്കോര്‍ 89ല്‍ നില്‍ക്കെ ആന്ധ്രയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 3 റണ്‍സെടുത്ത ആന്ധ്ര ക്യാപ്റ്റന്‍ വിഹാരിയുടെ വിക്കറ്റും ഇക്ബാല്‍ അബ്ദുള്ള സ്വന്തമാക്കി. മൂന്നാം വിക്കറ്റില്‍ റിക്കി ഭുയി പ്രശാന്ത് കുമാറുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പുറത്തെടുത്തത്. 61 റണ്‍സെടുത്ത പ്രശാന്ത് പുറത്താകുമ്പോള്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. രോഹന്‍ പ്രേമിനായിരുന്നു വിക്കറ്റ്. നാല് ഓവറുകള്‍ക്ക് ശേഷം രവി തേജയെ പുറത്താക്കി രോഹന്‍ പ്രേം തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. സ്കോര്‍ 170ല്‍ നില്‍ക്കെ ഒരു ഓവറില്‍ രണ്ട് വിക്കറ്റുകളുമായി ബേസില്‍ തമ്പി ആന്ധ്ര ബാറ്റിംഗ് നിരയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ റിക്കി ഭുയി 47 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. റണ്ണൊന്നുമെടുക്കാതെ കെവി ശശികാന്താണ് റിക്കിക്ക് കൂട്ടായി ക്രീസില്‍.

കേരളത്തിനു വേണ്ടി ഇക്ബാല്‍ അബ്ദുള്ള, രോഹന്‍ പ്രേം, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement